11:45am 6./6/2016
– മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ രംഗങ്ങളില്‍ മഹനീയ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പൊന്നു പിള്ളയ്ക്ക് ഹ്യൂസ്റ്റന്‍ കമ്മ്യുണിറ്റി കോളജ് ബിരുദം നല്‍കി ആദരിച്ചു. മെയ് 14-നു ഹ്യൂസ്റ്റനിലെ പ്രസിദ്ധമായ എന്‍ ആര്‍ ജി സ്റ്റേഡിയത്തില്‍ രാവിലെ എട്ടുമണിക്കു നടന്ന പ്രൗഡഗംഭീരമായ ഗ്രാജ്യുയേഷന്‍ ചടങ്ങില്‍, കമ്മ്യുണിറ്റി കോളജ് ചാന്‍സിലര്‍ സീസര്‍ മല്‍ഡൊനാഡോ പൊന്നു പിള്ളയ്ക്ക് ബിരുദം നല്‍കി ആദരിച്ചു.
1973-ല്‍ മറ്റ് നെഴ്‌സുമാരെപ്പോലെ അമേരിക്കയില്‍ കുടിയേറിയ പൊന്നു പിള്ളയ്ക്ക് സാമൂഹ്യ-ജീവകാരുണ്യ സേവനം ജന്മസിദ്ധമായിരുന്നു. അച്ഛനമ്മമാരുടെ പരോപകാരപ്രദമായ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടു വളര്‍ന്ന കുട്ടിക്കാലം. നാട്ടില്‍വച്ചും അമേരിക്കയില്‍ കുടിയേറിയ ശേഷവും അതേ പാതയിലൂടെയാണ് പൊന്നു പിള്ള സഞ്ചരിച്ചത്. തന്നാല്‍ കഴിയുന്നത്രയും മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്ന സിദ്ധാന്തില്‍ അവര്‍ പൊതു പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
ഹ്യൂസ്റ്റനില്‍ തുടക്കം മുതലെ പൊന്നു പിള്ള മറ്റുള്ളവര്‍ക്കുവേണ്ടി കഴിയുന്നത്ര നല്ലകാര്യങ്ങള്‍ ചെയ്തുവന്നു. ഹ്യൂസ്റ്റനില്‍ മലയാളി അസ്സോസിയേഷന്‍ തുടങ്ങിയതു മുതല്‍ അതില്‍ ചേര്‍ന്നു പ്രവര്‍ത്തിനം ആരംഭിച്ചു. ലാഭേച്ഛയോ സ്ഥാനമോഹമോ ഇല്ലാതെയുള്ള പ്രവര്‍ത്തനം മറ്റുള്ളവരെ അവരിലേക്കാകര്‍ഷിച്ചു. എങ്കിലും മലയാളി അസ്സോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരളാ ഹിന്ദു സൊസൈറ്റി, നായര്‍ സര്‍വ്വീസ് സൊസൈറ്റി മുതലായ സംഘടനകളില്‍ നേതൃനിരയില്‍ ഭാരവാഹിത്വം ഏറ്റെടുത്തു പ്രവര്‍ത്തിച്ചു. എല്ലായിടത്തും ജാതി-മത ഭേദമന്യേ നിസ്വാര്‍ത്ഥയുടെ സന്ദേശമാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായത്. ആവശ്യക്കാരുടെ ആവശ്യം മനസില്ലാക്കി അവര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുന്നതില്‍ പൊന്നു പിള്ള കൂടുതല്‍ ശ്രദ്ധകാണിച്ചു.
ജോലിയില്‍നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയവും ആതുരസേവനത്തിനും സാമൂഹികസേവനത്തിനുമായി അവര്‍ ചെലവിട്ടു. രോഗികളെ ചെന്നുകാണുകയും അവര്‍ക്ക് ആശ്വാസം പകരുകയും വേണ്ടവിധത്തില്‍ സഹായിക്കുകയും പതിവാണ്. ഗാര്‍ഹിക പ്രശ്‌നവുമായി സമീപിക്കുന്നവരെ ഒരു കൗണ്‍സിലറെപോലെ വേണ്ട ഉപദേശങ്ങള്‍ കൊടുക്കുകയും അത്യാവശ്യ സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയും മുടക്കം കൂടാതെ ചെയ്തുവരുന്നു. മറ്റുള്ളവര്‍ പൊന്നു പിള്ളയെ സ്വന്തം അമ്മയെപ്പോലെയോ സഹാദരിയേപ്പോലെയോ സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് കണുന്നതും കരുതുന്നതും. അതുകൊണ്ടുതന്നെ സമൂഹം അവരെ ‘പൊന്നു ചേച്ചി’ എന്നാണ് സംബോദന ചെയ്യുന്നത്.
ബിരുദം നല്‍കിക്കൊണ്ട് സീസര്‍ മല്‍ഡൊനാഡൊ പൊന്നു പിള്ളയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ഇതുപോലെയുള്ള വ്യക്തികള്‍ സമൂഹത്തില്‍ ഉണ്ടായാലെ സമൂഹം നന്ദാകുകയുള്ളവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. മറുപടി പ്രസംഗത്തില്‍ പൊന്നു പിള്ള തനിക്ക് ഇത്രയുമൊക്കെ ചെയ്യാന്‍ കഴിഞ്ഞത് സമൂഹത്തിന്റെ പൂര്‍ണ്ണമായ സഹകരണവും പിന്തുണയുംകൊണ്ടാണെന്ന് അറിയിച്ചു. അതുപോലെ അവിടെ കൂടിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യത്തെക്കുറിച്ചും എടുത്തു പറയുകയും ചെയ്തു.
സംഘടനകളില്‍ ഭാരവാഹിത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുക്കാര്യങ്ങളില്‍ ആവശ്യം വരുമ്പോള്‍ പൊന്നു പിള്ള എപ്പോഴും ഉണ്ട്. ബിരുദം ലഭിച്ചതിനുശേഷം ഹ്യൂസ്റ്റനിലെ മലയാളി സമൂഹം അവര്‍ക്ക് സമുചിതമായ സ്വീകരണം കൊടുക്കാനും മറന്നില്ല. മെയ് 29-ന് ഹ്യൂസ്റ്റനടുത്തുള്ള സ്റ്റാഫറ്ഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ ഓഡിറ്റോറിയത്തില്‍ അവര്‍ സ്വീകരണ സമ്മേളനം ഒരുക്കി. ഡോ. മനു ചാക്കൊ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു. ഡോ. വേണുഗോപാല്‍, എ.സി. ജോര്‍ജ്, ജി. കെ. പിള്ള, നൈനാന്‍ മാത്തുള്ള, ജോര്‍ജ് കാക്കനാട്ട്, ടി.എന്‍. സാമുവല്‍, തോമസ് തയ്യില്‍, തോമസ് ചെറുകര, ജോര്‍ജുകുട്ടി, ഹരി ശിവരാമന്‍, രന്‍ജിത് പിള്ള, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മലയാളി സമൂഹത്തിനുവേണ്ടി ഷിജിമോന്‍ ഇഞ്ചനാട്ട് പൊന്നാട അണിയിച്ചു നാദബ്രഹ്മം മ്യൂസിക്ക് ട്രൂപ്പിനുവേണ്ടി അനില്‍ ജനാര്‍ദ്ദനനും ജയന്‍ അശോകനും പൊന്നാട അണിയിച്ചു. തുടര്‍ന്ന് നൃത്തം, സ്ക്കിറ്റ് മറ്റ് മുതലയാ കലാ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. നന്ദി പ്രസംഗത്തില്‍ പൊന്നു പിള്ള തന്നോടു കാണിച്ച സ്‌നേഹത്തിനും അഭിനന്ദനത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സ്‌നേഹഭോജനത്തോടെ സമ്മേളനം സമാപിച്ചു.
മണ്ണിക്കരോട്ട് (www.mannickarottu.net)