പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാലസില്‍ പ്രതിഷേധ പ്രകടനം

09:39 pm 23/9/2016

– പി. പി. ചെറിയാന്‍
Newsimg1_78747271
ഡാലസ് : കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ഡാലസില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു. ‘നെക്സ്റ്റ് ജനറേഷന്‍ ആക്ഷന്‍ നെറ്റ് വര്‍ക്കാ’ണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്.

സെപ്റ്റംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡാലസ് ഡൗണ്‍ ടൗണ്‍ മെയ്ന്‍ സ്ട്രീറ്റില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. നോര്‍ത്ത് കാരോലിന, തുള്‍സ എന്നിവടങ്ങളില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ പ്രകടനക്കാര്‍ പൊലീസിനെതിരെ ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

സംഘടനയുടെ നേതാവ് ഡൊമിനിക്ക് അലക്‌സാണ്ടര്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്നാണ് അലക്‌സാണ്ടര്‍ ജയിലില്‍ നിന്നും മോചിതനായതെങ്കിലും സമരാവേശത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ഔദ്യോഗിക പട്ടക്കാരനാണ് അലക്‌സാണ്ടര്‍. ജൂലൈ 7ന് ഇതേ സംഘടന നടത്തിയ മാര്‍ച്ചിനുശേഷമാണ് 5 പൊലീസ് ഓഫിസര്‍മാര്‍ ഇവിടെ വെടിയേറ്റ് മരിച്ചത്.

പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് പ്രകടനം മുന്നോട്ടു നീങ്ങിയത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു പൊലീസ് ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. റോഡിനിരുവശവും പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.