പൊലീസ് ബലപ്രയോഗത്തിനെതിരെ ഡാലസില്‍ പ്രതിഷേധ മാര്‍ച്ച്

11:20 am 12/8/2016

പി. പി. ചെറിയാന്‍
unnamed (1)
ഡാലസ് : കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പൊലീസ് നടത്തുന്ന ബല പ്രയോഗങ്ങള്‍ക്കെതിരെ ഡാലസില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഓഗസ്റ്റ് 10 ബുധനാഴ്ച ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിന്റെ അഭ്യര്‍ത്ഥന അവഗണിച്ചാണ് പ്രതിഷേധക്കാര്‍ റാലിക്കണിനിരന്നത്.

ഡൗണ്‍ ടൗണില്‍ ഇത്തരം റാലികള്‍ നടത്തുന്നത് സംഘര്‍ഷത്തിന് ഇടയാകും എന്ന മുന്നറിയിപ്പ് സംഘാടകര്‍ മുഖവിലയ്‌ക്കെടുത്തില്ല. ജൂലൈ 7 ന് പ്രകടനം നടത്തിയതിനുശേഷമുണ്ടായ വെടിവയ്പില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടും മാറും മുമ്പ് വീണ്ടും റാലി സംഘടിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിച്ചു.

നെക്സ്റ്റ് ജനറേഷന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപകനും റാലിയുടെ സംഘാടകനുമായ ഡൊമിനിക് അലക്‌സാണ്ടറെ റാലി തുടങ്ങുന്നതിന് ചില മണിക്കൂറുകള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകിട്ട് 6.30 ന് പാര്‍ക്കില്‍ സമ്മേളിച്ച പ്രകടനക്കാര്‍ മെയ്ന്‍ സ്ട്രീറ്റ് മുതല്‍ ജെയില്‍ വരെയാണ് പ്രകടനം നടത്തിയത്. ജാഥ നിയന്ത്രിക്കാന്‍ എത്തിയിരുന്ന ഒരു ഡസന്‍ പൊലീസ് ഉദ്യോഗസ്ഥനുമായി പ്രകടനക്കാര്‍ തര്‍ക്കത്തിലേര്‍പ്പെട്ടുവെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.

സംഘടനയുടെ സ്ഥാപകര്‍ അലക്‌സാണ്ടര്‍ ബാപ്റ്റിസ്റ്റ് പ്രീച്ചര്‍ കൂടിയാണ്.