പോക്കിമോന്‍ ഗോ കളിച്ച് രാത്രിയില്‍ കറക്കം; കൗമാരക്കാര്‍ക്ക് നേരെ വെടിവയ്പ്

12:20pm 18/7/2016
images

ന്യൂയോര്‍ക്ക്: തരംഗമായി മാറിയ പോക്കിമോന്‍ ഗോയിലെ കഥാപാത്രങ്ങളെ തേടി രാത്രിയില്‍ കാറില്‍ കറങ്ങി നടന്ന കൗമാരക്കാരെ കള്ളന്മാരെന്ന സംശയത്തില്‍ സമീപവാസി വെടിവെച്ചു. എന്നാല്‍ ഇവര്‍ ഭാഗ്യത്തിനു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ‘നിനക്ക് എന്തെങ്കിലും കിട്ടിയോ’ എന്നു കൗമാരക്കാര്‍ തമ്മില്‍ പറഞ്ഞതാണ് വീട്ടുടമയെ സംശയത്തിലാക്കിയത്. ഇതോടെ ഇവര്‍ കവര്‍ച്ചക്കാരാകാമെന്ന നിഗമനത്തിലെത്തിയ വീട്ടുടമ കാര്‍ തടയാന്‍ ശ്രമിക്കുകയും നിര്‍ത്താതെ പോയതോടെ വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് ലക്ഷ്യം തെറ്റി കാറിന്റെ ടയറില്‍ പതിച്ചതിനാല്‍ കൗമാരക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

പോക്കിമോന്‍ കളിച്ചു മുന്നോട്ടുപോകുന്ന പലരും അപകടത്തില്‍ പ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ രംഗത്തെത്തി. സുരക്ഷാ പ്രശ്‌നങ്ങളെ വിലയിരുത്തി ഗെയിം കളിക്കുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ ബോധവത്കരണ പരിപാടി നടത്താനും അധികൃതര്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയകളില്‍ ചെലവിടുന്നതിനെക്കാള്‍ അധികം സമയവും ഇപ്പോള്‍ ഗെയിം കളിക്കാനാണ് കൗമാരക്കാര്‍ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വെര്‍ച്വല്‍ റിയാലിറ്റി എന്ന സങ്കല്‍പത്തെ പുറംലോകത്തേക്ക് എത്തിക്കുകയാണ് പോക്കിമോന്‍ ഗോ ചെയ്യുന്നത്. നിന്റെന്റോ കമ്പനിയാണ് ഗെയിം ഓഗ്മെന്റഡ് റിയാലിറ്റി(സമീപ യഥാര്‍ഥ്യം) എന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഗെയിം പുറത്തിറക്കിയത്. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ജിയോ പൊസിഷനിംഗ് വിവരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗെയിമിലെ സാങ്കല്‍പിക കഥാപാത്രങ്ങളെ യഥാര്‍ഥ ലോകത്ത് തെരഞ്ഞുപിടിക്കാന്‍ ഗെയിം കളിക്കുന്നവര്‍ക്ക് കഴിയുന്നു. അതിനാല്‍ കഥാപാത്രങ്ങളെ തേടി ചുറ്റുപാടും നടക്കണം. ഗെയിം കളിക്കുന്നയാള്‍ പോകുന്ന വഴിയിലാകും കഥപാത്രങ്ങളെ കാണുക.