പോണ്ടിംഗിനെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍

02.35 AM 07-09-2016
Harbhajan_Singh-Ponting_760x400
മെല്‍ബണ്‍: ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് തലയ്ക്ക് മുകളിലൂടെ സിക്‌സര്‍ പറത്തുന്ന സച്ചിന്റെ ദൃശ്യമോര്‍ത്ത് താന്‍ പലരാത്രികളിലും ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. ഷാര്‍ജയില്‍ ഓസീസിനെതിരായ സച്ചിന്റെ പ്രകടനത്തിനുശേഷമായിരുന്നു വോണിന്റെ ഈ കമന്റ്. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ മറ്റൊരു താരം തന്നെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിക്കുന്ന ഇന്ത്യന്‍ ബൗളറെക്കുറിച്ച് തുറന്നുപറയുന്നു. മറ്റാരുമല്ല, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് തന്നെ.
ഹര്‍ഭജന്‍ സിംഗാണ് കളിക്കുന്നകാലത്ത് തന്റെ ഉറക്കം കെടുത്തിയ ബൗളറെന്ന് പോണ്ടിംഗ് പറഞ്ഞു. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഹര്‍ഭജനായിരുന്നു തന്റെ പ്രധാന എതിരാളിയെന്നും പോണ്ടിംഗ് വ്യക്തമാക്കി. ഇപ്പോഴും ഹര്‍ഭജന്റെ ബൗളിംഗിനെക്കുറിച്ച് സ്വപ്‌നംകണ്ട് പലപ്പോഴും ഞെട്ടിയുണരാറുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. പോണ്ടിംഗിനെ ടെസ്റ്റില്‍ പത്തുതവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് ഹര്‍ഭജന്‍.
കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മികവുകാട്ടിയ കുംബ്ലെയ്ക്ക് ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ മികവ് കാട്ടാനാകുമെന്നും പോണ്ടിംഗ് പറഞ്ഞു.തന്റെ സ്വന്തം സംസ്ഥാനമായ ടാസ്മാനിയയുടെ ടൂറിസം പ്രചാരണത്തിന്റെ അംബാസഡറായാണ് പോണ്ടിംഗ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.