പ്രണയത്തിനുവേണ്ടി മരണത്തെ തേടിപ്പോയ പെണ്‍കുട്ടി

കെ.പി വൈക്കം
08:35am 7/2/2016
gse_multipart48801

പ്രണയത്തിന് മരണത്തിന്റെ സുഗന്ധകൂടിയുണ്ടെന്ന് ധരിച്ച പെണ്‍കുട്ടി. പ്രണയവും വിരഹവും നേര്‍ത്ത പട്ടുനൂലില്‍ കോര്‍ത്തിണക്കിയ പെണ്‍കുട്ടി അകാലത്തില്‍ നതന്റെ ജീവിതം സ്വയം അവസാനിപ്പിച്ച് നന്ദിതയെക്കുറിച്ച് കേട്ടതും അറിഞ്ഞതും ചേര്‍ത്തുവച്ചാല്‍ ഉത്തരംകിട്ടാത്ത ആനേകായിരം ചോദ്യാങ്ങള്‍ മനസില്‍ മിന്നിമറയും. പ്രണയവും വിരഹവും വിഷാദവും ഉന്‍മാദവും ചേര്‍ന്ന് സ്വയം നഷ്ടപ്പെട്ട് മരണത്തെ പുല്‍കിയ നന്ദിതയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ പലതും മനസില്‍ എവിടെയോ കൊളുത്തി വലിക്കുന്നകതായിരുന്നു. 1969 മെയ് 12ന് വയനാട് ജില്ലയിലാണ് നന്ദിത ജനിച്ചത്. 1999ല്‍ നന്ദിത മരിച്ചതിനുശേഷമാണ് അവരുടെ കവിതകള്‍ പുറംലോകം കാണുന്നത്. അന്ദര്‍മുഖിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്ന് ലഭിച്ച ഡയറിയിലെ വരികള്‍ രണ്ടു തവണയായി പ്രസിദ്ദീകരിച്ചിരുന്നു.
1994ല്‍ വിവാഹത്തോളമെത്തിയ അന്യമതസ്ഥനുമായുണ്ടായിരുന്ന പ്രണയത്തിന്റെ പേരില്‍ അച്ഛനുമായ് വഴക്കിട്ട നന്ദിത ചിരാലിലെ തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. തന്നെയും തന്റെ പ്രണയത്തെയും അംഗീകരിക്കാത്ത അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു വീടുവിട്ടുള്ള ആ ഇറങ്ങിപോക്ക്. തുടര്‍ന്ന് അച്ഛന്റെ കീഴ്ജീവനക്കാരനായ ഒരാളുടെ മകനായ അജിത്തുമായി പിന്നീടുണ്ടായ പ്രണയവും വിവാഹവും.
അജിത്തിന്റെ വീട്ടിലായിരിക്കുമ്പോഴും ഡയറിതാളുകളില്‍ ഏകാന്തമായിരുന്ന് ചിലപ്പോള്‍ വളരെ ശാന്തമായും മറ്റുചിലപ്പോള്‍ തികച്ചും വന്യമായും നന്ദിത പലതും കുത്തികുറിച്ചിരുന്നു. അജിത്തുമായ് പ്രണയത്തിലായിരുന്ന നാളുകളില്‍ ഫറൂക്ക് കോളജില്‍ ജോലി നോക്കിയിരുന്ന നന്ദിത വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ടുഴറുമ്പോഴും ഉറക്കമൊഴിച്ചിരുന്ന് അജിത്തിനെഴുതിയ കവിതകളേക്കാള്‍ മനോഹരമായ പ്രണയലേഖനങ്ങളില്‍ സിംഹഭാഗവും നന്ദിതയുടെ മരണശേഷം അഗ്‌നിക്കിരയാക്കി.
1999 ജനുവരി 17നാണ് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചത് അന്നേ ദിവസം കിടക്കാന്‍ പോവുന്നതിനുമുമ്പ് അമ്മയോടു നന്ദിത പറഞ്ഞു; ‘അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം.’ ആ ഫോണ്‍ കോള്‍ വന്നതായി അച്ഛനോ അമ്മയോ കേട്ടില്ല. അര്‍ദ്ധരാത്രി എന്തിനോവേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്കു വന്നപ്പോള്‍ മുകളിലെമുറിയോട് ചേര്‍ന്നുള്ള ടെറസ്സില്‍ നിന്നു താഴെക്കു സാരിയില്‍ കെട്ടിത്തൂങ്ങിക്കിടക്കുന്നു. അമ്മ എത്തുന്നതിന് എത്രയോ മുമ്പേ അവള്‍ പോയിക്കഴിഞ്ഞിരുന്നു.
ഉന്‍മാദവും വിഷാദവും മാറിമാറിവരുന്ന ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍ എന്ന മാനസികരോഗം മായിരുന്നു നന്ദിതയെ പ്രണയത്തിലേക്കും വിരഹത്തിലേക്കും തുടര്‍ന്ന് മരണത്തിലേക്കും തള്ളിവിട്ടത്. ഹോസ്റ്റല്‍ മുറിയിലെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് ഡയറിയില്‍ കുത്തിക്കുരിക്കുമ്പോള്‍ നന്ദിതപോലുമറിഞ്ഞിരുന്നില്ല താനൊരു മനോരോഗിയായിരുന്നെന്ന്. ഒരുപക്ഷെ മരണത്തിനുമുന്‍ ആ കവിതകള്‍ വെളിച്ചം കണ്ടിരുന്നെങ്കില്‍ നന്ദിത പിന്നെയും ജിവിച്ചിരിക്കുമായിരുന്നു.
ഉന്മാദവും, വിഷാദവും മാറിമാറിവരുന്ന ഈ രോഗം മാനസികരോഗമായി ആക്കും തോന്നുകയില്ല. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരകാര്യങ്ങള്‍ പോലും എഴുതി നിറക്കുന്നത് ഉ•ാദ അവസ്ഥയില്‍ ഇവരില്‍ കാണുന്ന സവിശേഷതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ വാചാലരും എത്ര വലിയ സാഹസവും കാണിക്കാനുള്ള് ധൈര്യമുള്ളവരും ആയിരിക്കും. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പലരോടും പക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഉന്മാദവസ്ഥയില്‍ നിന്ന് വിഷാദാവസ്ഥയിലേക്ക് എത്തുമ്പോള്‍ മൂകമായ അവസ്ഥയിലേക്ക് രോഗി മാറുന്നു.എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി ആരോടും സംസാരിക്കാതെ വിജനമായ ഒരു കോണില്‍ അഭയം തേടുന്നു.
കേരളത്തിലെ ഏതൊരു സധാരണക്കാരി പെണ്‍കുട്ടികളേയുമ്പോലെ തന്നെയായിരുന്നു നന്ദിതയുടെ ബാല്യവും കൗമാരവും. സ്‌കൂള്‍ ജീവിതവും കോളജ് ജീവിതത്തിന്റെ തുടക്കവും ആസ്വദിച്ച നന്ദിത അന്തര്‍മുഖിയായത് ബിരുദപഠനകാലത്താണ്. ഹോസ്റ്റല്‍ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തന്റേതുമാത്രമായ ഒരു ലോകം തീര്‍ക്കുകയായിരുന്നു നന്ദിത. ഹോസ്റ്റലില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് നന്ദിത ഒരോന്നു കുത്തിക്കുറിച്ചു. അതെല്ലാം മനോഹരമായ കവിതകളായ്. വര്‍ഷങ്ങളോളം അവ പുറലോകമറിയാതെയിരുന്നു. മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതും കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിടുന്നതും നന്ദിതയുടെ ശീലമായിരുന്നു. പിന്നീട് വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായ് ജോലിനോക്കിയ നന്ദിതയ്ക്ക് അവിടെ ഒരു സ്‌നേഹിതന്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. എന്നാല്‍ അത് സത്യമാണോ അതോ നന്ദിതയുടെ ഭാവനായാണോ എന്നത് ഇപ്പോഴും അജ്ഞാതം. ഒരുപക്ഷെ നന്ദിതയിലെ രോഗിയെ തിരിച്ചറിയാന്‍ അവരുടെ മാതാപിതാക്കള്‍ക്കോ ഭര്‍ത്താവിനോ സ്ധിച്ചിരുന്നെങ്കില്‍ കവിതയുടെ ആ പൊന്‍വെളിച്ചം ഇനും മായാതെ ജ്വലിച്ചു നില്‍ക്കുമായിരുന്നു.
നന്ദിത എവുതിയ ചില കവിതകള്‍
1985ലാണ് ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്. പ്രഷുബ്ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ് ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന് തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്‌നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത് നഷ്ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന് മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്മമാകും വിധം തീവ്രം..

‘നീ ചിരിക്കുന്നു
നിനക്ക് കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.
നിനക്ക് ഭൂമിയാണ് മാതാവ്
നിന്നെ കരള്‍ നൊന്തുവിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്…
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട് ക്ഷമിക്കൂ.”

നന്ദിത ഫറൂക്ക് കോളജില്‍ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട ചില വരികള്‍

എന്റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന്
ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു.

കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്തമായ രീതിയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന് തന്നെയാണ്. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ് ഓരോ കവിതകളും യാത്രയാവുന്നത്. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന കവിയത്രിയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു.