പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവാവ് കോളജ് വിദ്യാര്‍ഥിനിയുടെ കഴുത്തറത്തു

01.51 AM 04/11/2016
Vemburaj_0311
കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ കന്നഗലക്ഷ്മി എന്ന 22കാരിയാണ് ആക്രമണത്തിനിരയായത്. തേനി സ്വദേശിയായ വെംബുരാജാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. രണ്ടു വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുകാലത്തിനുശേഷം ഇയാള്‍ പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ ഫോണില്‍ ശല്യം ചെയ്യാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കന്നഗലക്ഷ്മി ഫോണ്‍ നമ്പര്‍ മാറ്റി.
ഇതേതുടര്‍ന്ന് വെംബുരാജ് യുവതിയെ കാണുന്നതിനായി കോളജ് കാമ്പസിലെത്തി. എന്നാല്‍ ഇയാളോടു സംസാരിക്കാന്‍ കന്നഗലക്ഷ്മി വിസമ്മതിച്ചു. ഇതേതുടര്‍ന്ന് വെംബുരാജ് കുപ്പിച്ചില്ല് ഉപയോഗിച്ച് പെണ്‍കുട്ടിയെ കഴുത്തു മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോളജ് അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഉടന്‍തന്നെ കന്നഗലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അറസ്റ്റിലായ വെംബുരാജിനെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ ഹൈദരാബാദില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ്