പ്രണവ് പാണ്ഡ്യ എം.പി സ്ഥാനം നിരസിച്ചു

09:20am 08/05/2016
download (2)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെയും പ്രത്യേക താല്‍പര്യപ്രകാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത പ്രണവ് പാണ്ഡ്യ എം.പി സ്ഥാനം നിരസിച്ചു. ഹരിദ്വാര്‍ കേന്ദ്രമായ ആഗോള ഗായത്രി പരിവാറിന്റെ നേതാവാണ് പ്രണവ് പാണ്ഡ്യ. പ്രധാനമന്ത്രി വാഗ്ദാനം ചെയ്തപ്പോള്‍ സമ്മതിച്ചെങ്കിലും അനുയായികളില്‍ ബഹുഭൂരിപക്ഷവും എം.പിയാകുന്നതിനെ എതിര്‍ക്കുകയാണെന്ന് പാണ്ഡ്യ പറയുന്നു. രാജ്യസഭാംഗത്വത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനമഹിമ തനിക്കുണ്ടെന്നാണ് താന്‍ കരുതുന്നത്. എം.പിയാകുമ്പോള്‍ അത് ചെറുതായിപ്പോകുമെന്നാണ് അനുയായികള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ രാജ്യസഭയുടെ പോക്ക് തനിക്ക് ഇണങ്ങുന്നതല്ല. താനൊരു യോഗിയാണ്. കോണ്‍ഗ്രസിലും ബി.ജെ.പിയിലും മറ്റു പാര്‍ട്ടികളിലുമൊക്കെ തന്റെ അനുയായികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ താല്‍പര്യപ്രകാരം രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്നത് 12 പേരെയാണ്. ഏഴ് ഒഴിവുണ്ടായിരുന്നതില്‍ സുരേഷ് ഗോപി അടക്കം ആറു പേരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രണവ് പാണ്ഡ്യയുടെ നാമനിര്‍ദേശം പിന്നീടാണ് വന്നത്.