10:01am 4/3/2016
കെ.പി വൈക്കം
പ്രതികരണ ശേഷിയുള്ള സമൂഹം വളര്‍ന്നുവരണമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ആഹ്വാനം ചെയ്യുന്ന നമ്മുടെ സമൂഹത്തിന്റെ പ്രതികരണ ശേഷി വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങുമ്പോള്‍ ഇവിടെ നിര്‍ഭയമാരും ജിഷമാരും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും. ലജ്ജകൊണ്ട് തലകുനിക്കുക, മനസാക്ഷിയെ ഉണര്‍ത്തുക, ഈ നാട്ടില്‍ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ പലയിടങ്ങളിലും വായിച്ചു. സത്യത്തില്‍ ഇതൊക്കെ കേട്ട് ആരാണ് ലജ്ജിക്കുകയും മനാസാക്ഷിയെ ഉയര്‍ത്തുകയും ചെയ്യേണ്ടത്. പ്രതികരണശേഷി വരല്‍ത്തുമ്പില്‍ ഒതുക്കുന്ന നമ്മള്‍ ഓരോരുത്തരുമല്ലെ സത്യത്തില്‍ ലജ്ജിക്കേണ്ടത്. പണ്ട് ഡല്‍ഹിയിലെ നിര്‍ഭയയെക്കുറിച്ച് വാതോരാതോ സംസാരിക്കുകയും വിരല്‍ത്തുമ്പുകളിലുടെ പ്രതികരിക്കുകയും ചെയ്ത നമ്മള്‍ അന്ന് പറഞ്ഞിരുന്നു ഇവിടൊരിക്കലും മറ്റൊരു നിര്‍ഭയ ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന്. എന്നിട്ട് നമ്മുടെയെല്ലാം കൈയ്യെത്തും ദുരത്ത് അത് വീണ്ടും സംഭവിച്ചിരിക്കുന്നു.
മരണം നടന്ന് അഞ്ച് നാള്‍ കഴിയേണ്ടിവന്നു നമ്മളിലെ പ്രതികരണ തൊഴിലാളിയുടെ വിരലുകള്‍ ചലിക്കുന്നതിന്. ഹാഷ് ടാഗും ലജ്ജിക്കുക നാടെ, ജീവിക്കാന്‍പേടിയാകുന്നു എന്ന കമന്റുകളുംകൊണ്ട് സോഷ്യല്‍മീഡിയയുടെ ചുവരുകള്‍ നിറച്ചു നമ്മള്‍. ചിലര്‍ സ്വയം ജിഷയായിമാറി കഥകള്‍ എഴുതി. പലരും പ്രൊഫൈല്‍ ഫോട്ടോ ജിഷയുടെ പടമാക്കി. ചിലര്‍ കറുപ്പാക്കി. നാളെ ജിഷയുടെ കൊലപാതികള്‍ പിടിയാലായി കഴിയുമ്പോള്‍ നമ്മള്‍ വീണ്ടും പഴയപോലെതന്നെയാകും. അടുത്ത വിഷയം വരുന്നവരെ. എന്നാല്‍ ഒരിക്കല്‍ സംഭവിച്ച ദുരന്തം പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെക്കെ ചെയ്യാന്‍ സാധിക്കുമെന്ന് നമ്മളിലൊരാളും ശ്രമിക്കാറില്ല.(നമുക്ക് വിരല്‍ത്തുമ്പിലെ പ്രതികരണം മാത്രമാണല്ലോ അറിയാവുന്നത്. അവിടെ കിട്ടുന്ന ലൈക്കുകളുടെ എണ്ണം നോക്കി അത്മനിര്‍വൃതി അടയാനും). അങ്ങനെ നാം ശ്രമിച്ചിരുന്നെങ്കില്‍ ഇവിടെ ജിഷ ഇന്നും ജീവിച്ചിരിക്കമായിരുന്നു.
പണ്ട് സൗമ്യ എന്ന പെണ്‍കുട്ടി ആക്രമിച്ചപ്പോള്‍ മിണ്ടാതെ കേള്‍ക്കാതെ കണ്ടില്ലെന്ന് നടിച്ച നമുക്ക് അവളുടെ പിച്ചിചീന്തിയ മൃതദേഹം കണ്ടെത്തിയപ്പോഴാണ് പ്രതികരണശേഷി ഉണര്‍ന്നത്. ഇനി ഇവിടെയൊരു സൗമ്യ ഉണ്ടാകില്ലെന്ന് എല്ലാവരും പ്രതിഞ്ജയുമെടുത്തു. ചര്‍ച്ചകളും വിരല്‍തുമ്പിലെ പ്രതികരണങ്ങളുമായി നമ്മല്‍ കളം നിറഞ്ഞു. പിന്നീട് പുതിയ സംഭവവികാസങ്ങള്‍ വന്നപ്പോള്‍ നാം സൗകര്യപൂര്‍വ്വം അവളെ മറന്നു. അതുപോലെതന്നെ ഇതും നമ്മള്‍ മറക്കും. കാരണം നമുക്ക് ഇതെല്ലാം ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാന്‍ മാത്രമുള്ള വെറു പ്രഹസനങ്ങളാണല്ലോ. സത്യത്തില്‍ ജിഷയുടെ കൊലപാതകിയേക്കാള്‍ വിഷം നിറഞ്ഞ മനസുമായി ജീവിക്കുന്നത് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹമല്ലെ.
ഹാഷ് ടാഗല്ല മറിച്ച് പ്രതികരിക്കാനുള്ള ആര്‍ജവമാണ് നമുക്ക് വേണ്ടത്. അതില്ലാത്തിടത്തോളം കാലം ഇനിയും ജിഷമാരും നിര്‍ഭയമാരും ഉണ്ടായിക്കൊണ്ടിരിക്കും. നമുക്ക് ഫേസ്ബുക്കില്‍ പ്രതിഷേധവും ഹാഷ് ടാഗുമായി വെറും പ്രതികരണ തൊഴിലാളികളായി മാറാം. ജിഷമാരും നിര്‍ഭയമാരും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കട്ടെ.
(ഓര്‍ക്കുക പെരുമ്പാവൂര്‍ എന്നത് അന്യസംസ്ഥാനമല്ല നമ്മുടെയൊക്കെ വീടുകളിലേക്ക് ഇവിടെനിന്ന് വലിയ ദൂരമില്ലെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്)