പ്രതിഷേധക്കളി കാര്യമായി; വിദ്യാര്‍ഥികളെ പൊലീസ് പൊക്കി

03:39pm 22/06/2016

nadakm
തൃശൂര്‍: കളി കാര്യമായി, ഒടുവില്‍ ഊരിപ്പോരാന്‍ എം.പി ഇടപെട്ടു. കലക്ടറേറ്റിന് മുന്നില്‍ അരണാട്ടുകര ജോണ്‍മത്തായി സെന്‍ററിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ മോക്ഡ്രില്‍ അവതരണമാണ് പൊല്ലാപ്പായത്. കഴിഞ്ഞ ദിവസം ജോണ്‍ മത്തായി സെന്‍ററിലെ വിദ്യാര്‍ഥിനികളെ വാഹനത്തിലത്തെിയ സംഘം വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതിനെതിരെ കലക്ടറേറ്റിന് മുന്നില്‍ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധിക്കാനത്തെിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെ ആസ്പദമാക്കി തത്സമയം ഒരുക്കിയ മോക്ഡ്രില്ലാണ് വില്ലനായത്. പ്രതിഷേധത്തിനിറങ്ങിയ രണ്ട് വിദ്യാര്‍ഥിനികള്‍ സമീപത്തെ കടയില്‍ കയറി തങ്ങളെ രണ്ടുപേര്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. വിവരമറിഞ്ഞ് വ്യാപാരികള്‍ സംഘടിച്ച് പെണ്‍കുട്ടികള്‍ കാണിച്ചുകൊടുത്തവരെ പൊക്കി. കൈകാര്യം ചെയ്യാന്‍ ഒരുങ്ങിയെങ്കിലും വേണ്ടെന്നുവെച്ച് സമീപത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ഇതിനിടെ തങ്ങളുടേത് നാടകമായിരുന്നുവെന്ന് കാണിച്ച് കുട്ടികളത്തെിയതോടെ പൊലീസ് ഇവരെ വിട്ടയക്കാനൊരുങ്ങി. എന്നാല്‍, തങ്ങളെ കബളിപ്പിച്ചതിന് കുട്ടികള്‍ക്കെതിരെ കേസെടുക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടതോടെ പൊലീസും കുടുക്കിലായി. നേരത്തെ രണ്ട് തവണ കലക്ടറേറ്റിന് മുന്നില്‍ അനുമതിയില്ലാതെ നാടകം അവതരിപ്പിച്ചതിന് കുട്ടികളെ താക്കീത് ചെയ്തിരുന്നുവെന്നും ഇനി അനുവദിക്കാനാവില്ളെന്നും പൊലീസുകാരും അഭിപ്രായപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കാനായി നീക്കം. വിവരമറിഞ്ഞ് പി.കെ. ബിജു എം.പി സ്ഥലത്തത്തെുകയായിരുന്നു. പൊലീസുമായും വ്യാപാരികളുമായും വിദ്യാര്‍ഥികളുമായും സംസാരിച്ച ശേഷം ആര്‍ക്കും പരാതിയില്ളെന്ന് വ്യക്തമാക്കി പിരിയുകയായിരുന്നു.