പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ അന്തരിച്ചു .

09:34 am 9/11/2016

– പി.പി.ചെറിയാന്‍
Newsimg1_55922819
ഫ്‌ളോറിഡ: അമേരിക്കയിലെ പ്രഥമ വനിതാ അറ്റോര്‍ണി ജനറല്‍ ജാനറ്റ് റിനൊ(78) അന്തരിച്ചു. മയാമിയിലുളള സ്വവസതിയിലായിരുന്നു മരണം. 1993 മുതല്‍ 2001 വരെ ക്ലിന്റന്‍ ഭരണത്തിലാണ് ജാനറ്റ് അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചത്. ഇതിനു മുന്‍പു ഫ്‌ലോറിഡ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു. നവംബര്‍ 7 ന് റിനൊയുടെ സഹോദരി മാഗിയാണ് റിനൊയുടെ മരണവാര്‍ത്ത അറിയിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായിരുന്നു കഴിഞ്ഞ 20 വര്‍ഷമായി റിനൊ.

ജാനറ്റിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ അനുശോചിച്ചു. അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ പല വിവാദ തീരുമാനങ്ങളും കൈക്കൊണ്ടതു വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.1993 ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ബോംബിങ്, 1995 ലെ ഒക് ലഹോമ സിറ്റി ബോംബിങ് എന്നീ സംഭവങ്ങളില്‍ ധീരമായ നടപടികളാണ് റിനൊ സ്വീകരിച്ചിരുന്നത്.

1993 ല്‍ രാഷ്ട്രത്തെ നടുക്കിയ ടെക്‌സാസിലെ വെക്കോയില്‍ 51 ദിവസം നീണ്ടു നിന്ന ഉപരോധം തകര്‍ത്ത് കോംപൗണ്ടിലേക്ക് ഇരച്ചു കയറാന്‍ പട്ടാളത്തിനു റിനൊയായിരുന്നു ഉത്തരവ് നല്‍കിയത്. 80 പേരാണ് ആ സംഭവത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് ഈ തീരുമാനം തെറ്റായിരുന്നുവെന്ന് സിഎന്‍എന്‍ ലാറി കിങ്ങ് ലൈവില്‍ റിനൊ കുറ്റ സമ്മതം നടത്തിയിരുന്നു.

മയാമി ന്യൂപേപ്പേഴ്‌സ് റിപ്പോര്‍ട്ടര്‍മാരായിരുന്ന മാതാപിതാക്കള്‍ക്ക് 1938 ല്‍ ജനിച്ച മകളായിരുന്നു റിനൊ. കേണല്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടിയ റിനൊ ഫ്‌ചോറിഡ ഹൗസ് പ്രതിനികളുടെ സ്റ്റാഫ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.