08:46 am 24/9/2016
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോഴിക്കോട് എത്തും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മോദി അഭിസംബോധന ചെയ്യും. കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത്
ഉച്ചയോടെ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് അവിടെ സ്വീകരണം നല്‍കും. കരിപ്പൂരില്‍ നിന്ന് ഹെലിക്കോപ്ടര്‍ മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തും. അവിടെ നിന്ന് നേരെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്ക് പ്രധാനമന്ത്രി പോകും. അഞ്ച് മണിയോടെ പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തെ പ്രത്യേക വേദിയിലെത്തുന്ന പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഇവിടെ പ്രസംഗിക്കുന്നുണ്ട്. 67 ലെ ജനസംഘം സമ്മേളനത്തില്‍ പങ്കെടുത്ത വരെ ആദരിക്കുന്ന ചടങ്ങിലും പ്രധാന മന്ത്രി പങ്കെടുക്കും. വൈകിട്ട് ഏഴിന് സാമൂതിരി സ്കൂളിലാണ് പരിപാടി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
കണ്ണൂര്‍ റേഞ്ച് ഐജി ജിനേന്ദ്ര കശ്യപിനാണ് സുരക്ഷ ചുമതല. മൂവായിരത്തോളം പൊലീസുകാരെയാണ് സുരക്ഷക്ക് നിയോഗിച്ചിരിക്കുന്നത്.പൊതുസമ്മേളനം നടക്കുന്ന കടപ്പുറത്തും കൗണ്‍സില്‍ നടക്കുന്ന സ്വപ്ന നഗരിയിലും 4 എസ്പിമാര്‍ക്കാണ് സുരക്ഷ ചുമതല.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന സ്വപ്ന നഗരയിലും കടപ്പുറത്തും എസ്പിജി സുരക്ഷ ഏറ്റെടുത്തു കഴിഞ്ഞു. 6 സമ്മേളത്തിന്റെ ഭാഗമായി ഒന്നര ദിവസം പ്രധാനമന്ത്രി കോഴിക്കോട് ഉണ്ടാകും. ഉച്ചയോടെ എത്തുന്ന പ്രധാനമന്ത്രി ഞാറാഴ്ചത്തെ ദേശീയ കൗണ്‍സിലില്‍ മുഴുവന്‍ സമയം പങ്കെടുത്ത് വൈകിട്ടാണ് ദില്ലിയിലേക്ക് മടങ്ങും.