പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ റോഡപകടത്തില്‍ മരിച്ചു

01.03 PM 12-04-2016
1460441066-4467
പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍(44) റോഡപകടത്തില്‍ മരിച്ചു. ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗയ്‌റാപുരില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ജയ്പുര്‍ സ്വദേശിയായ വീനു സഹയാത്രികന്‍ ദിപേഷ് തന്‍വാറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീണതാണ് അപകട കാരണം. ഉടന്‍തന്നെ വിദീഷയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ 180 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നതിന് പേരുകേട്ട വനിതയാണ് വീനു. കോളജ് പഠന കാലത്ത് ബൈക്ക് ഓടിക്കാന്‍ പഠിച്ച അവര്‍ സ്വന്തമായി ബൈക്കില്ലാത്തതില്‍ റൈഡിംഗ് തുടര്‍ന്നിരുന്നില്ല. വിവാഹശേഷം ബൈക്ക് റൈഡിംഗ് പ്രേമത്തോട് ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വീനു വിവാഹമോചനം നേടി. വീണ്ടും ബൈക്ക് റൈഡിംഗ് ആരംഭിച്ച വീനു തന്റെ മോട്ടോര്‍സൈക്കിള്‍ യാത്രയെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ ഒരുങ്ങവേയാണ് മരണമടഞ്ഞത്.