പ്രവാസികളും ഭാരതാംബയുടെ മക്കള്‍ തന്നെ : ഫോമാ

09:59 am 17/11/2016

വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_8134144
ചിക്കാഗോ: കള്ളപ്പണവും പണപ്പെരുപ്പവും തടയുന്നതിനായി 2000 രൂപാ നോട്ട് ഇറക്കി, 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട് നടപ്പിലാക്കിയ മോഡി സര്‍ക്കാരിന്റെ ഭരണ പരിഷ്ക്കാരത്തില്‍, നാട്ടിലുള്ളവരെ പോലെ പ്രവാസികളും നട്ടം തിരിയുന്നു. കുറച്ചു കാലത്തേക്കു ബുദ്ധിമുട്ടുണ്ടാകുമെങ്കിലും, കള്ളപ്പണം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താനാകുമെന്നത് ജനങ്ങളെ ഭരണ പരിഷ്ക്കാരത്തോട് പരമാവധി സഹകരിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

പക്ഷെ കോടിക്കണക്കിനു വിദേശനാണ്യം ഇന്ത്യയിലേക്ക് എത്തിക്കുന്ന, ഒരു പക്ഷെ ഇന്ത്യയുടെ സാമ്പത്തിക ശ്രോതസ് ഉയര്‍ത്തുന്നതില്‍ വലിയൊരു പങ്കു വഹിക്കുന്ന പ്രവാസികളുടെ കാര്യം ഒരു പക്ഷെ സര്‍ക്കാര്‍ വിട്ടു പോയി എന്നു വേണം കരുതാന്‍.

ഗള്‍ഫ് മേഖലയില്‍ നിന്നും വിത്യസ്തമായി 18 മുതല്‍ 40 (സ്‌റ്റോപ്പ് ഓവര്‍ ഉള്‍പ്പടെ) മണിക്കൂറുകള്‍ യാത്ര ചെയ്തു നാടു സന്ദര്‍ശിക്കുന്ന പ്രവാസികളുടെ കൈയ്യിലുള്ള 500ന്റെയും, 1000 ന്റെയും നോട്ടുകള്‍ മാറ്റി നല്‍കുവാന്‍ ഫലപ്രദമായ ഒരു പോംവഴി കണ്ടു പിടിക്കാനായില്ല എന്നുള്ളത്, പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എത്ര മാത്രം വില കല്‍പ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
പ്രവാസി പ്രശ്‌നങ്ങളില്‍ എന്നും പ്രവാസികളുടെ ശബ്ദമായി പ്രവര്‍ത്തിച്ചിട്ടുള്ള ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്), ഈ വിഷയത്തിലും പ്രവാസികള്‍ക്ക് വേണ്ടി വാദിക്കുകയാണ്. ഫോമാ പോലുള്ള ദേശീയ സംഘടന ഈ വിഷയത്തില്‍ ശക്തമായ ഇടപെടുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിനായി അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനും, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കത്ത് നല്‍കി.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറിനും, ചിക്കാഗോയിലെ കോണ്‍സിലേറ്റ് ജനറലിനും അദ്ദേഹം നിവേദനം നല്‍കും.

നാട്ടിലുള്ളവര്‍ പോലെ തന്നെ, പ്രവാസികളായ ഇന്ത്യാക്കാരും ഭാരതാംബയുടെ മക്കളാണെന്ന് അദ്ദേഹം ഓര്‍പ്പിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഫലപ്രദമായ പരിഹാരം കൊണ്ടു വരണ്ടത് ഏറ്റവും അത്യാപേക്ഷിതമാണെന്ന് ബെന്നി പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ വഴിയായി ഇന്ത്യന്‍ രൂപ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ബെന്നിയും സംഘവും കത്തുകളിലൂടെ അഭ്യര്‍ത്ഥിച്ചു.
ബെന്നിയോടൊപ്പം സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവര്‍ ഫോമായുടെ നേതൃനിരയില്‍, ജനസേവകരായി ഉണ്ട്.