11.27 PM 28-05-2016
പ്രവാസി മലയാളി ജോയി വി.ജോണിനെ (68)കൊന്നു പമ്പയാറ്റില്‍ ഒഴുക്കിയെന്നു മകന്‍. സംഭവുമായി ബന്ധപ്പെട്ടു ജോണിന്റെ മകന്‍ ഷെറിന്‍ ജോണിനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍നിന്നാണ് ഷെറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്. പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്ന് ഷെറിന്‍ പോലീസില്‍ മൊഴിനല്‍കി.
25-ാം തിയതി ഇരുവരും കാറിന്റെ എസി ശരിയാക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നെന്നുമാണ് ഷെറിന്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പമ്പയാറില്‍ ഒഴുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഷെറിന്റെ കയ്യില്‍നിന്നും പോലീസ് കണ്ടെത്തി.
ജോയിയുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ജോയി വി. ജോണിനെയും മകന്‍ ഷെറിനെയും വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇരുവരെയും ഒരുമിച്ചാണ് കാണാതായത്. പിതാവ് കൊല്ലപ്പെട്ടെന്ന് ഷെറിന്‍ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു പറഞ്ഞിരുന്നത്. ജോയിയുടെ വസ്ത്രങ്ങള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.