പ്രവീണ്‍ വധം: നീതി നിഷേധത്തിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ അണിനിരന്നു

12:50pm 2/8/2016

ബെന്നി പരിമണം
Newsimg1_56541783
ഷിക്കാഗോ: ഒരു സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തിയ പ്രവീണ്‍ വര്‍ഗ്ഗീസിന്റെ ദാരുണമായ അന്ത്യത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തേടിയുള്ള തേടിയുള്ള യാത്രയില്‍ നീതി ഇനിയും ലഭ്യമാകാത്തതിനെതിരെ ഷിക്കാഗോയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. പ്രവീണിന്റെ ജന്മദിനമായ ജൂലൈ 29ന് ഗവര്‍ണ്ണര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന ഷിക്കാഗോ ഡെയ്‌­ലി പ്ലാസായില്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരുടെ ആവേശം നീതി നിഷേധത്തിനെതിരെ ഉയര്‍ത്തുന്ന പോരാട്ടമായി മാറി. പ്രവൃത്തി ദിവസമായിരുന്നിട്ടു കൂടി ഷിക്കാഗോയില്‍ നിന്നും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങല്‍ നിന്നും സമാധനപരമായി നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രവീണിന്റെ കുടുംബത്തോട് പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യം ഒരു വലിയ സമൂഹത്തിന്റെ ഉറച്ച പിന്തുണ വിളിച്ചോതുന്നതായിരുന്നു. പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ പോയ ആയിരങ്ങളാണ് ഫെയ്‌­സ്ബുക്ക് ലൈവ് വഴി ഒരുക്കിയ തത്സമയ പ്രക്ഷേപണം കണ്ടതും ഞങ്ങളും ഒപ്പമുണ്ടെന്ന സന്ദേശങ്ങള്‍ അതിലൂടെ കുറിച്ചതും.

ജൂലൈ 29ന് രാവിലെ ഷിക്കാഗോ മാര്‍ത്തോമ്മാ ദേവാലയാങ്കണത്തില്‍ നിന്ന് രണ്ട് ബസുകള്‍ നിറയെ പുറപ്പെട്ടവരോടൊപ്പം ഡെയ്‌­ലി പ്ലാസായില്‍ എത്തിച്ചേര്‍ന്നവര്‍ കൂടി ഒത്തുകൂടിയപ്പോള്‍ ഏവരും ഒരേ ശബ്ദത്തില്‍ പ്രവീണിന്റെ നീതിനിഷേധത്തിനെതിരെ ആര്‍ത്തുവിളിച്ചു. പ്രവീണ്‍ വര്‍ഗ്ഗീസിന്റെ ഇഷ്ടനിറമായ ചുവപ്പ് ടീഷര്‍ട്ടില്‍ ‘ജസ്റ്റിസ് ഫോര്‍ പ്രവീണ്‍’ എന്ന് ആലേഖനം ചെയ്ത്, നീതിനിഷേധത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ലാക്കാര്‍ഡുകളുമേന്തി കുട്ടികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ളവര്‍ അണിനിരന്ന മണിക്കൂറുകള്‍ ഏവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നത് നീതിനിഷേധത്തിനെതിരെയുള്ള ഒരേ വികാരം മാത്രമായിരുന്നു. അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം പ്രതിഷേധ സമ്മേളനത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിരുന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ഡെയ്‌­ലി പ്ലാസായില്‍ ആരംഭിച്ച പ്രതിഷേധ യോഗത്തിന്റെ പ്രാരംഭമായി നടന്ന പ്രാര്‍ത്ഥനകള്‍ക്ക് റവ.ഫാ.ഹാം ജോസഫ്, റവ.ഫാ.സജീവ് മാത്യു, റവ.ഫാ.ജോസഫ് വര്‍ഗ്ഗീസ്, റവ.ഫാ.ഫിലിപ്പ്, റവ.ഫാ.ലിജു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷാരോണ്‍ ഇടമലയുടെ നേതൃത്വത്തില്‍ ആലപിച്ച ഗാനത്തിനു ശേഷം പ്രതിഷേധ പരിപാടിയുടെ അവതാരകയായിരുന്ന നിഷ എറിക്ക് ഈ സമാധാന സമരത്തിന്റെ സംഷിപ്ത രൂപം വിവരിച്ചു. തുടര്‍ന്ന് ഫൊക്കാനാ മുന്‍ പ്രസിഡന്റ് ശ്രീമതി.മറിയാമ്മ പിള്ള, ഫോമാ മുന്‍സെക്രട്ടറി ശ്രീ. ഗ്ലാഡ്‌­സണ്‍ വര്‍ഗ്ഗീസ്(ഇരുവരും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍) എന്നിവര്‍ നാളിതുവരെയുള്ള പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയെപ്പറ്റി സംസാരിക്കുകയും, നീതി ലഭിക്കും വരെ പോരാട്ടം ശക്തമായി തുടരുമെന്ന് പ്രഖ്യാപിക്കുകയുെ ചെയ്തു. ന്യൂയോര്‍ക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌­സ് ചര്‍ച്ച് ഓഫ് ആല്‍ബനി വികാരി റവ.ഫാ.ജോസഫ് വര്‍ഗ്ഗീസ്, പ്രവീണിന്റെ സഹോദരി പ്രിയ വര്‍ഗ്ഗീസ്, ഫോമ നിയുക്ത സെക്രട്ടറിയും, ഈ പ്രതിഷേധ പ്രകടനം ക്രമീകരിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ജിബി തോമസ്, എഫ്.ഐ.എ.പ്രസിഡന്റ് സുനില്‍ ഷാ, പ്രവീണിന്റെ ബോഡി രണ്ടാമത് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ.മര്‍ഗ്ഗോളിയോസ് എന്നിവര്‍ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, നീതിയ്ക്കായുള്ള പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഈ പോരാട്ടങ്ങളുടെ മുന്നില്‍ പ്രവീണ്‍ വര്‍ഗ്ഗീസിന്റെ കുടുംബത്തോടൊപ്പം നിന്ന് പൊരുതിയ മോണിക്ക സ്യൂക്കസിന് പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെയും, കുടുംബത്തിന്റെയും ആദര സൂചകമായി നല്‍കിയ ഉപഹാരം മറിയാമ്മ പിള്ളയും, ഗ്ലാഡ്‌­സണ്‍ വര്‍ഗ്ഗീസും ചേര്‍ന്ന് സമ്മാനിച്ചു. തുടര്‍ന്ന് മോണിക്ക നടത്തിയ മറുപടി പ്രസംഗത്തില്‍ നീതിക്കായി അന്തിമ വിജയം വരെയും ഒരുമിച്ച് നിന്ന് പോരാടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഈ നേരമത്രെയും നിറമിഴികളുമായി പ്രതിഷേധ കൂട്ടായ്മയുടെ മുന്നില്‍ നിന്ന പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗ്ഗീസ് സമരത്തില്‍ പങ്കെടുത്ത ഏവര്‍ക്കും, ഒപ്പം നിന്ന് ശക്തി പകരുന്ന മുഴുവന്‍ സുഹൃത്തുക്കള്‍ക്കും, പിന്തുണയുമായി എന്നും നില്‍ക്കുന്ന സമൂഹത്തിനും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രവീണിന്റെ മാതാപിതാക്കളും, പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുമായി നാലംഗസംഘം ഗവര്‍ണ്ണറുടെയും, സ്‌റ്റേറ്റ് അറ്റോണിയുടെയും ഓഫീസില്‍ മെമ്മോറണ്ടം സമര്‍പ്പിച്ചു. ഈയവസരത്തില്‍ പ്രതിഷേധ പ്രക്ഷോപത്തില്‍ പങ്കെടുത്തവര്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിച്ചു. ഈ പരിപാടിയുടെ അവതരാകരായി പ്രവര്‍ത്തിച്ച സൂസണ്‍ ഇടമല, നിഷ എറിക് എന്നിവര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ജിബി തോമസ്, ലാലി കളപ്പുരയ്ക്കല്‍, സിബി ഡേവിഡ്, എഡിസണ്‍ മാത്യു, ജോയി പന്‍ഗാത്ത്, സോമി ജോയി, വിനോദ് കൊണ്ടൂര്‍ എന്നിവര്‍ക്ക് പ്രവീണിന്റെ മാതാവ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പ്രവീണ്‍ വധത്തിനു പിന്നിലെ സത്യം തേടിയും, നീതി നിഷേധത്തിനെതിരെയും പ്രവീണിന്റെ കുടുംബവും, ഒരു സമൂഹവും ഒന്നായി നടത്തുന്ന പോരാട്ടത്തിന്റെ അന്തിമ വിജയം നേടും വരെയും നമുക്കും ഒത്തുചേര്‍ന്ന് നീതിയ്ക്കായി കൈകോര്‍ക്കാം.