പ്രശ്‌നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസ്സോടെ അഭിമുഖീകരിക്കുക:റവ. സി. ജെ. തോമസ്

11:30 am 23/8/2016

പി. പി. ചെറിയാന്‍
unnamed (1)
കരോള്‍ട്ടന്‍(ഡാലസ്): പ്രശ്‌നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തില്‍ അതിനെ ഓജസോടെ അഭിമുഖീകരിക്കുന്നവര്‍ക്ക് മാത്രമേ ജീവിത വിജയം കണ്ടെത്തുന്നതിനും അതിലൂടെ ശാശ്വത സമാധാനവും സന്തോഷവും പ്രാപിക്കുന്നതിനും കഴിയുകയുളളൂ എന്ന് കണ്‍വന്‍ഷന്‍ പ്രാസംഗീകനും മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനുമായ റവ. സി. ജെ. തോമസ് പറഞ്ഞു.

പാപ മരണത്തിനധീനരായ മാനവജാതിയെ നിത്യ ജീവങ്കലേക്ക് ആനയിക്കുവാന്‍ മൂന്നാണികളില്‍ തൂക്കപ്പെട്ടപ്പോള്‍ വസ്ത്രം പടയാളികള്‍ക്കും മാതാവിനെ ശിക്ഷ്യന്മാര്‍ക്കും ആത്മാവിനെ പിതാവായ ദൈവത്തിനും ശരീരം അരിമത്യയിലെ ജോസഫിനും സ്വയമേ ക്രിസ്തുനാഥന്‍ ഏല്പിച്ചു കൊടുക്കുന്നു. ഈ സാഹചര്യത്തിലും ക്രിസ്തു നാഥനനുഭവിച്ച സമാധാനമാണ് ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നിരാശപ്പെട്ടുപോകാതെ ഓജസോടെ നിലനില്ക്കുവാന്‍ മനുഷ്യന് പ്രചോദനം നല്‍കുന്നത്.

ക്രിസ്തുവിനോടു കൂടെ സഞ്ചരിക്കുന്നവര്‍ സമാധാനം അനുഭവിക്കുന്നവരും വിശുദ്ധ ജീവിതം നയിക്കേണ്ടവരുമാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കുന്ന ശരീരത്തെ കളങ്കപ്പെടുത്തുവാന്‍ ശ്രമിക്കരുത്. ക്രിസ്തുവിന്റെ രക്തം കൊണ്ട് വിലക്കു വാങ്ങിയതാണ് ശരീരമെങ്കില്‍ അതിനെ വിശുദ്ധിയോടെ സൂക്ഷിക്കുവാനും നാം ബാധ്യസ്ഥരാണ്. മരിച്ചിട്ടു ജീവിക്കുന്നവരായിരിക്കണം ക്രിസ്ത്യാനികളെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തി. കരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസമായി നടന്നു വന്നിരുന്ന സുവിശേഷ കണ്‍വന്‍ഷന്റെ സമാപന ദിവസമായഓഗസ്റ്റ് 21 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ‘ വാക്കിങ്ങ് വിത്ത് ഗോഡ്’ എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു റവ. സി. ജെ. തോമസ്. കരോള്‍ട്ടന്‍ മാര്‍ത്തോമ ഇടവക വികാരി റവ. വിജു വര്‍ഗീസ് അച്ചന്‍ സ്വാഗതവും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സജി ജോര്‍ജ് നന്ദിയും പറഞ്ഞു. ഇടവക ട്രസ്റ്റിമാരായ ജൂബി അലക്‌സാണ്ടര്‍, മെര്‍വിങ് ഏബ്രഹാം, സെക്രട്ടറി സജു കോര, മെറിന്‍ സാമുവേല്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.