11:58am
14/2/2016
ഛണ്ഡിഗഢ്: പ്രസവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ പീഡിപ്പിച്ചു. ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവ ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട 22കാരിയാണ് പീഡനത്തിനിരയായത്. സംഭവം ഐ.സി.യുവിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അതേസമയം ക്യാമറയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ അക്രമി പിടിക്കപ്പെടുന്നതിന് മുമ്പ് രക്ഷപെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ 03.30ന് ഒരു വെര്‍ണ കാറില്‍ എത്തിയ യുവാവാണ് പീഡിപ്പിച്ചത്. ഇയാള്‍ കാറില്‍ വന്നിറങ്ങതും പുറത്തേക്ക് പോകുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഐ.സി.യുവില്‍ എത്തിയ അജ്ഞാതന്‍ പീഡിപ്പിച്ച വിവരം യുവതി ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അക്രമിയുടെ മുഖം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് ബഹാദൂര്‍ഘഡ് സിറ്റി പോലീസ് അറിയിച്ചു. അതേസമയം സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് അക്രമി ഐ.സി.യുവില്‍ കടക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.