പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചു

02.18 AM 31/10/2016
kolkata_3010
കോൽക്കത്ത: പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചതായി ആരോപണം. പശ്ചിമ ബംഗാൾ തലസ്‌ഥാനമായ കോൽത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിലാണ് സംഭവം. ദേഗംഗ സ്വദേശിയായ രേഷ്മ ബീവി (20) ആണ് കുഞ്ഞിനു ജന്മം നൽകിയ ഉടൻ മരിച്ചത്.

പൂർണഗർഭിണിയായ രേഷ്മ പ്രസവത്തിനായി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെത്തിയത്. എന്നാൽ പണമടയ്ക്കുന്നതിന്റെ പേരിൽ ഇവർ ആശുപത്രിയിലെ ഒരു നഴ്സുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേതുടർന്ന് നഴ്സ് രേഷ്മയെ തള്ളി നിലത്തുവീഴ്ത്തിയതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആന്തരിക രക്‌തസ്രാവമുണ്ടായ രേഷ്മ ബോധരഹിതയായി. പ്രസവം നടന്ന ഉടൻ ഇവർ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.

യുവതി മരിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ ആശുപത്രിക്കു പുറത്ത് പ്രതിഷേധിച്ചു. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. യുവതിയുടെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.