08.31 PM 11-08-2016
സ്വകാര്യസ്ഥാപനങ്ങളില്‍ പ്രസവാവധി മൂന്നു മാസത്തില്‍നിന്ന് ആറുമാസമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രസവാനുകൂല്യ നിയമ ഭേദഗതിക്കു രാജ്യസഭയുടെ അംഗീകാരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഭേദഗതികള്‍ അംഗീകരിച്ചിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് അനുകൂലമായ നിയമം ഏര്‍പ്പെടുത്തുന്നത്. ശൈശവഘട്ടത്തില്‍ കുട്ടികള്‍ക്ക് ഏറെ പരിചരണം ആവശ്യമുണ്ടെന്ന വിലയിരുത്തലില്‍നിന്നാണ് പുതിയ നിയമഭേദഗതി ഉണ്ടായത്.
മൂന്നു മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സ്ത്രീകള്‍ക്കും വാടകഗര്‍ഭത്തിലൂടെ കുട്ടികളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും പന്ത്രണ്ട് ആഴ്ച മാത്രമേ അവധി ലഭിക്കൂ. 50 സ്ത്രീകളെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുട്ടികളുടെ പരിചരണത്തിനായി ക്രഷ് ഉണ്ടായിരിക്കണം. സ്ഥാപനത്തില്‍ ഇല്ലെങ്കില്‍ നിശ്ചിത ദൂര പരിധിയിലെങ്കിലും ക്രഷ് വേണം. ദിവസം നാലു തവണ അമ്മമാര്‍ക്കു ക്രഷില്‍ സന്ദര്‍ശനം നടത്താന്‍ ഇടവേള നല്‍കണം. ഇതിനു പുറമേ കുഞ്ഞുങ്ങളെ വീടുകളില്‍ പരിചരിക്കുന്ന അമ്മമാര്‍ക്കു ജോലിയുടെ സ്വഭാവം അനുസരിച്ച് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാനും വഴിയൊരുങ്ങും. ജോലിയുടെ സ്വഭാവം അനുസരിച്ചായിരിക്കും 26 ആഴ്ചയ്ക്കുശേഷം വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അവസരം ഒരുക്കുന്നത്.