പ്രസവിച്ച് മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കിയാല്‍ ശിശുമരണ സാധ്യത കുറക്കാമെന്ന് യുനിസെ

10:07 AM 27/08/2016
images (6)
തിരുവനന്തപുരം: പ്രസവിച്ച് മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ നല്‍കിയാല്‍ ശിശുമരണ സാധ്യത 22 ശതമാനം കുറയുമെന്ന് യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് എമര്‍ജന്‍സി ഫണ്ട് (യുനിസെഫ്). ഇങ്ങനെ മുലപ്പാല്‍ നല്‍കുന്ന അമ്മമാരുടെ എണ്ണം കേരളത്തില്‍ 66.6 ശതമാനം മാത്രമാണ്. ദേശീയ ശരാശരി 70-75 ശതമാനവും. പ്രസവിച്ച ആദ്യമണിക്കൂറിനുള്ളിലാണ് ശിശുമരണങ്ങള്‍ ഏറെയും സംഭവിക്കുക.

കേരളത്തില്‍ ആയിരത്തിന് 12 ആണ് ശിശുമരണ നിരക്ക്. ദേശീയ ശരാശരിയെക്കാള്‍ ഏറെ കുറവാണെങ്കിലും ഇനിയും കുറക്കാനാകും. കേരളത്തില്‍ ഒരു ആശുപത്രിയിലും ആദ്യമണിക്കൂറില്‍ മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നില്ളെന്നാണ് യുനിസെഫ് ചൂണ്ടിക്കാട്ടുന്നത്. മുലയൂട്ടല്‍ ശിശുമരണ നിരക്ക് തടയാനുള്ള ഏറ്റവും ഫലപ്രദമാര്‍ഗമാണ്. ജനിച്ച് രണ്ടുമണിക്കൂറിനുശേഷം മാത്രം മുലപ്പാല്‍ ലഭിച്ച കുട്ടികള്‍ ആദ്യ 28 ദിവസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത 41 ശതമാനമാണ്.

സംസ്ഥാനത്തെ പ്രസവങ്ങളില്‍ 37 ശതമാനവും സിസേറിയനാണ്. സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കാണ് ആദ്യമണിക്കൂറില്‍ മുലപ്പാല്‍ കിട്ടാതെ വരുന്നത്. ചില ആശുപത്രികളില്‍ പ്രസവശേഷം കുഞ്ഞുങ്ങളെ അമ്മമാരുടെ അടുത്തുനിന്ന് മാറ്റി നഴ്സറികളില്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ പ്രവണതയല്ളെന്നും യുനിസെഫ് പഠനം വ്യക്തമാക്കുന്നു.

തൊഴിലിടങ്ങളില്‍ അവധിയും നഴ്സിങ് ബ്രേക്, ക്രഷ് സൗകര്യം ഉറപ്പാക്കുകയും വേണം. കേരളത്തില്‍ ആദ്യ ആറുമാസമെങ്കിലും മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ 59 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 65 ശതമാനമുണ്ട്. ചില അമ്മമാര്‍ നാലാംമാസം മുതല്‍ കുഞ്ഞിന് ബേബി ഫുഡും പാലുല്‍പന്നങ്ങളും നല്‍കുന്നു. കുഞ്ഞിന്‍െറ വളര്‍ച്ചക്ക് മുലപ്പാല്‍ മാത്രം പോരെന്ന തെറ്റിദ്ധാരണമൂലമാണിത്. ആറുമാസത്തിനുമുമ്പ് മുലപ്പാല്‍ അല്ലാതെ മറ്റ് ആഹാരങ്ങള്‍ നല്‍കുന്നത് കുഞ്ഞിന്‍െറ മാനസിക- ശാരീരിക വളര്‍ച്ചയെ സഹായിക്കില്ളെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആറുമാസത്തിനുമുമ്പ് മുലപ്പാലല്ലാതെ കുഞ്ഞിന് വെള്ളംപോലും കൊടുക്കാന്‍ പാടില്ളെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു.