പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

12.38 AM 08-07-2016
peedanam
നെടുമ്പാശ്ശേരി: കുന്നുകര പഞ്ചായത്തിലെ അയിരൂരിലെ വീട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ ചെങ്ങമനാട് പൊലിസ് അറസ്റ്റ് ചെയ്തു.കാലടി മേഖലയിലെ ഒരു ക്ഷേത്രത്തിലെ യുവ പൂജാരിയേയും, ഇയാള്‍ക്ക് പീഡനത്തിന് ഒത്താശചെയ്ത യുവതിയേയുമാണ് ചെങ്ങമനാട് പൊലിസ് പിടികൂടിയത്.
ചെങ്ങമനാട് പാലപ്രശ്ശേരി തേറാട്ടിക്കുന്ന് കൊറശ്ശേരില്‍ വീട്ടില്‍ മഞ്ജുഷ് സലിം കുമാറും(29) സഹായി അയിരൂര്‍ സ്വദേശിയായ 19കാരി യുവതിയുമാണ് പിടിയിലായത്. രണ്ട് മാസം മുന്‍പാണ് വാട്ട്‌സ്ആപ്പിലൂടെ അയിരൂര്‍ സ്വദേശിനിയായ യുവതിയുമായി മഞ്ജുഷ് സൗഹൃദത്തിലാകുന്നത്. ഇതിനു ശേഷം ഈ യുവതിയുടെ ബന്ധുകൂടിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഞായറാഴ്ച്ച ഈ വിദ്യാര്‍ഥിനിയെ ഇരുവരും ചേര്‍ന്ന് യുവതിയുടെ അയിരൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഈ സമയം യുവതി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടി വീടിനു പുറത്തേക്കോടി അയല്‍വാസികളെ വിവരം ധരിപ്പിച്ചു. സംഭവമറിഞ്ഞ് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും യുവതിയുടെ സഹായത്തോടെ മഞ്ജുഷ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ വിശ്വനാഥന് പരാതി നല്‍കുകയായിരുന്നു. സി.ഐയുടെ നിര്‍ദ്ദേശപ്രകാരം കേസ് അന്വേഷിച്ച ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ജി ഗോപകുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ രാജേഷ്‌കുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍ ഷിജു, വനിത പോലിസ് ഓഫീസര്‍മാരായ രാജി, ദിവ്യ, റാണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇരുവരേയും ആലുവ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.