പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ

09:33 AM 10/05/2016

_767960c2-1653-11e6-a43b-6996e2e2942c
ഗയ: ബീഹാറിൽ കാർ മറികടന്നതിന് പ്ലസ്ടു വിദ്യാർഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ജനതാദൾ യുണൈറ്റഡ് നേതാവിന്‍റെ മകൻ റോക്കി യാദവിനെ പൊലീസ് അറസ്റ്റ് െചയ്തു. ജെ.ഡി.യു എം.എൽ.എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പിതാവിന്‍റെ ഫാക്ടറിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബോധ്ഗയയില്‍ സുഹൃത്തിനൊപ്പം മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെയാണ് തന്‍റെ ലാൻഡ് റോവർ കറിനെ മറികടന്നതിനെ തുടർന്ന് റോക്കി വെടിവെച്ചു കൊന്നത്. എന്നാൽ തന്‍റെ കാറിനെ മറികടന്ന സ്വിഫ്റ്റിന്‍റെ ടയറിനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി കാറിലിരിക്കുകയായിരുന്ന ആദിത്യക്ക് വെടിയേൽക്കുകയായിരുന്നെന്നും റോക്കി പൊലീസിനോട് പറഞ്ഞു. കൃത്യത്തിനായി റോക്കി ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെത്തിട്ടിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് അനുവദിക്കുന്ന ബിഹാര്‍ പൊലീസിലെ സുരക്ഷാ ഉദ്യോഗസ്ഥനും റോക്കിക്കൊപ്പം ഉണ്ടായിരുന്നു. ഇയാളെ സംഭവശേഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിത്യയെയും സുഹൃത്തിനെയും ഒരു പാഠം പഠിപ്പിക്കുമെന്ന് റോക്കി പറഞ്ഞതായി ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു. അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ചതിന് ജയിലില്‍ കഴിഞ്ഞയാളാണ് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദേശ്വരി പ്രസാദ് യാദവ്.