പൗരോഹിത്യസുവര്‍ണ്ണ ജൂബിലി പ്രഭയില്‍ ഗീവര്‍ഗ്ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസക്കോപ്പ

09:50 am 20/12/2016

Newsimg1_24596684
എല്‍മണ്ട്: വന്ദ്യ ഗീവര്‍ഗ്ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌ക്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നോര്‍ത്ത് അമേരിക്കന്‍ മലങ്കര കത്തോലിക്കാ രൂപത ആഘോഷിച്ചു. രൂപതാ കത്തീഡ്രല്‍ ദേവാലയത്തില്‍ 2016 ഡിസംബര്‍ മൂന്ന് രാവിലെ വന്ദ്യ കോര്‍എപ്പിസ്‌ക്കോപ്പ അര്‍പ്പിച്ച കൃതജ്ഞതാ ബലിയോടെ ആഘോഷങ്ങള്‍ക്ക് ആരംഭമായി. രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് പിതാവ് പ്രസ്തുത ബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ പൗരോഹിത്യത്തെക്കുറിച്ചും അതിന്റെ നിതാന്ത മൂല്യത്തെ കുറിച്ചും വിചിന്തനം നടത്തി.

1987 മുതല്‍ 2010 വരെ അമേരിക്കയിലെ മലങ്കര സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് വന്ദ്യ കോര്‍എപ്പിസ്‌ക്കോപ്പ എന്നും നോര്‍ത്ത് അമേരിക്കന്‍ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ അനന്യമാണെന്നും പിതാവ് അനുസ്മരിച്ചു. ദൈവസ്‌നേഹത്തില്‍ നിറഞ്ഞു കവിയുന്ന മനസ്സും ദൈവസ്‌നേഹം പകരുന്ന കരങ്ങളുമായി ഇനിയും അനേകം ഹൃദയങ്ങളില്‍ സുവിശേഷ സാക്ഷ്യമാകാന്‍ വന്ദ്യ കോര്‍എപ്പിസ്‌ക്കോപ്പയ്ക്ക് കഴിയട്ടെ എന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. തനതായ ശൈലികളിലൂടെയും ചിന്താ വഴികളിലൂടെയും സംഘാടക മികവിലൂടെയും സെമിനാരി ക്കാലത്തും വൈദിക ജീവിതത്തിലും തന്നെ പ്രചോദിപ്പിച്ചിട്ടുള്ള വ്യക്തിയാണ് വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പ എന്ന് രൂപതാ വികാരി ജനറാള്‍ മോണ്‍ പീറ്റര്‍ കോച്ചേരി അനുമോദന. പ്രസംഗത്തില്‍ പങ്കുവച്ചു.

അമേരിക്കയിലെ മലങ്കര സഭയുടെ ആദ്യ നാളുകളിലെ കോര്‍ എപ്പിസ്‌ക്കോപ്പായുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ദൈവിക കാര്യങ്ങളെക്കുറിച്ചും ചിട്ടയായ സഭാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയുന്നതിന് ഏവരെയും സഹായിക്കുന്നതായിരുന്നു എന്ന് പാസ്റ്റര്‍ കണ്‍സില്‍ സെക്രട്ടറി ശ്രീ: ജോണ്‍ വര്‍ഗ്ഗീസ് പറഞ്ഞു. രൂപതാ ചാന്‍സലര്‍ വെരി റവ: ഫാ. അഗസ്റ്റിന്‍ മംഗലത്ത് രൂപതയുടെ ഉപഹാരം കൈമാറി. ധാരാളം വൈദികരും സന്യാസിനികളും വിവിധ ഇടവകകളില്‍ നിന്നുള്ള അത്മായരും പങ്കെടുത്തു. വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പയുടെ മറുപടി പ്രസംഗത്തിനു ശേഷം നടന്ന സുവര്‍ണ്ണ ജൂബിലി സനേഹ വി രുന്നോടുകൂടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.