ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്

01.59 AM 20-07-2016
2016_tom_uzh
യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്തായി. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ രംഗങ്ങളുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണു പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നും അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല.
ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇതു വൈദികന്റെ ബന്ധുക്കളെയും അടുപ്പക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. യെമനില്‍ ഏഡനിലെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ കഴിഞ്ഞ മാര്‍ച്ച് നാലിനാണു ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. ഇദ്ദേഹം ഭീകരരുടെ തടവിലാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നെങ്കിലും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്താനായിരുന്നില്ല.