ഫാ. ടോമി പുളിയനാംപട്ടയില്‍ യുഎസ്സിലെ എം.എസ്.എഫ്.എസ്. നേതൃത്വത്തിലേക്ക്

12.38 AM 12-06-2016
Fr_TomyMSFS_pic
ജോയിച്ചന്‍ പുതുക്കുളം

ടെക്‌സസ്: അമേരിക്കയിലെ മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (എം. എസ്. എഫ്. എസ്) സന്യാസസമൂഹത്തിന്റെ തലവനായി ഫാ. ടോമി ജോസഫ് പുളിയനാംപട്ടയില്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു വര്‍ഷം മുന്പ് രൂപീകൃതമായ എം.എസ്.എഫ്.എസ് വൈസ് പ്രോവിന്‍സിന്റെ സെക്കന്‍ഡ് വൈസ് പ്രൊവിന്‍ഷ്യലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ പുളിയനാംപട്ടയില്‍ ജോസഫിന്റെയും റോസമ്മയുടെയും മകനാണ്.

സെന്റ് തോമസ് ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ മൂന്നിന് ടെക്‌സസിലെ ടയ് ലറില്‍ നടക്കുന്ന ചടങ്ങില്‍ ചുമതലയേല്‍ക്കും. അമേരിക്കയിലെ ഇരുപത്തിരണ്ട് രൂപതകളിലും പതിനഞ്ച് സംസ്ഥാനങ്ങളിലുമായി എം. എസ്. എഫ്. എസ്. സന്യാസസമൂഹത്തില്‍നിന്നുള്ള അറുപതോളം വൈദികരാണ് സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍നിന്നുള്ളളവര്‍ക്കുപുറമെ ഇവിടെനിന്നുള്ളവരും ആഫ്രിക്കയില്‍നിന്നുള്ളവരുമുണ്ട്.

ഏറ്റുമാനൂരിലെ എം. എസ്. എഫ്. എസ്. മൈനര്‍ സെമിനാരിയിലും വിശാഖപട്ടണം സലേസ്യാനത്തിലും ബാംഗഌര്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലുമായി പഠനം പൂര്‍ത്തിയാക്കിയ ഫാ. ടോമി 1994 ഡിസംബറിലാണ് വൈദികപട്ടം നേടിയത്. ആന്ധ്രയിലെ വാറംഗല്‍ രൂപതയിലെ കരിംനഗര്‍ എല്‍കതുരുത്തി കാരുണ്യമാതാ പള്ളിയില്‍ അസോഷ്യേറ്റ് പാസ്റ്ററായിരുന്ന ഫാ. ടോമി അവിടെതന്നെ കൊറാത്‌ലയില്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലും പള്ളിയുടെ സുപ്പീരിയറുമായി. പിന്നീട് അഞ്ചുവര്‍ഷം പാലക്കാട് വടക്കഞ്ചേരിയില്‍ എം.എസ്.എഫ്.എസ് സെമിനാരി റെക്ടറും സുപ്പീരിയറുമായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം 2003ല്‍ ആണ് അമേരിക്കയിലെത്തിയത്.

നാഷ് വില്‍ രൂപതയിലെ ടെന്നസി ഹെന്‍ഡേഴ്‌സണ്‍വില്ലില്‍ ഔര്‍ ലേഡി ഓഫ് ദ് ലേക് ചര്‍ച്ച് (അസോഷ്യേറ്റ് പാസ്റ്റര്‍), ലൊറേറ്റോ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് (പാസ്റ്റര്‍) എന്നിവിടങ്ങളിലെ സേവനത്തിനുശേഷം ഇപ്പോള്‍ മാഡിസണ്‍ സെന്റ് ജോസഫ് ചര്‍ച്ച് പാസ്റ്ററാണ്. ഷിക്കാഗോ രൂപതയുടെ കീഴില്‍ നാഷ് വില്ലിലുള്ള വിശുദ്ധ മദര്‍ തെരേസ സിറോ മലബാര്‍ മിഷന്‍ ദേവാലയത്തിന്റെ ഡയറക്ടര്‍ പദവിയും വഹിക്കുന്നു. കൌണ്‍സലിങ് സൈക്കോളജിയില്‍ യുഎസ്സില്‍നിന്നു ബിരുദാനന്തര ബിരുദം നേടിയ ഫാ. ടോമി ജോസഫ് പുളിയനാംപട്ടയില്‍ ഇപ്പോള്‍ സൈക്കോളജിയില്‍ ഗവേഷണബിരുദം നേടാനുള്ള ഒരുക്കത്തിലുമാണ്.

ഫ്രാന്‍സില്‍ 1838ല്‍ രുപീകൃതമായ എം. എസ്. എഫ്. എസ്. സന്യാസ സമൂഹത്തില്‍ നിന്നുള്ളവര്‍ ഇപ്പോള്‍ ഇരുപത്തിയാറ് രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു.