07:00pm 4/6/2016
– പി.പി.ചെറിയാന്‍
ന്യൂയോര്‍ക്ക്: ഫാ.മൈക്കിള്‍ പൊറാട്ടുകര സി.എം.ഐ.(സ്വാമി സദാനന്ദ) സഹോദരി സിസ്റ്റര്‍ ട്രീസാന്റോ(എഫ്.സി.സി.) എന്നിവര്‍ക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലിയും, ഒപ്പീസും, അന്നദയും മെയ് 28ന് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍ ചര്‍ച്ചില്‍(വൈറ്റ് പ്ലെയിന്‍സ്)വെച്ചു നടത്തപ്പെട്ട ഫാ.കാവുങ്ങള്‍ ഡേവി(ന്യൂയോര്‍ക്ക് സി.എം.ഐ. കോര്‍ഡിനേറ്റര്‍), ഫാ.തോമസ് കല്ലുമാടി(വികാര്‍, സെന്റ് ജോണ്‍സ് ചര്‍ച്ച്), ഫാ. ചോലന്‍ ജോസഫ്(വൈറ്റ് പ്ലെയിന്‍സ് ചാപഌ), ഫാ.ജോണ്‍ ചേങ്ങാലന്‍, ഫാ.മരിയലാല്‍, ഫാ.ലിജു പുതുശ്ശേരി, ഫാ.ജോണ്‍ സണ്‍ തളിയത്ത് തുടങ്ങിയവര്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു.
പ്രാര്‍ത്ഥനാനിരതനം, അനുരജ്ഞനാവാഹകനുമായിരുന്നു സ്വാമിയച്ചന്‍ എന്നതിന് ഉത്തമ ഉദാഹരണമാണ് സിസ്റ്റര്‍ റാണി മറിയയെ കുത്തി കൊലപ്പെടുത്തി സമദര്‍ സിംഗിനെ നിരന്തരം ജയിലില്‍ സന്ദര്‍ശിച്ചു മാനസാന്തരത്തിലേക്കും, തുടര്‍ന്ന് പ്രേക്ഷിത പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുവാന്‍ അച്ചനു കഴിഞ്ഞത്.
വേറിട്ട ചിന്താഗതിയിലൂടെ ജനസേവനം നടത്തിയിരുന്ന അച്ചന്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്ന ലളിത ജീവിത ശൈലി മുഖമുദ്രയാക്കിയിരുന്ന അച്ചനുമായി ഇടപഴകുവാന്‍ അവസരം ലഭിച്ചവരുടെ ഹൃദയത്തില്‍ സ്ഥിര പ്രതിഷ്ഠ നേടുവാന്‍ കഴിഞ്ഞിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള വിശാല മനസ്സും അച്ചനുണ്ടായിരുന്നുവെന്ന് അനുസ്മരണ പ്രസംഗത്തില്‍ ഫാ.കാവുങ്ങള്‍ ഡേവിയച്ചന്‍ ചൂണ്ടികാട്ടി.
കഴിഞ്ഞ വര്‍ഷം മാര്‍പ്പാപ്പയില്‍ നിന്നും ക്ഷണം ലഭിച്ചു റോം സന്ദര്‍ശിക്കുന്നതിന് അവസരം ലഭിച്ചത് അച്ചന്റെ സ്വാഭാവ വൈശിഷ്ട്യത്തിനും നിസ്വാര്‍ത്ഥ സേവനത്തിനുമുള്ള അംഗീകാരമായിരുന്നു.
കത്തോലിക്കാ പുരോഹിതരില്‍, ആദ്യമായി, മരണശേഷം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിട്ടു നല്‍കിയതിലൂടെ അനുകരണീയ മാതൃകയാണ് സ്വാമിയച്ചന്‍ കാണിച്ചിരിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച വൈദികര്‍ അഭിപ്രായപ്പെട്ടു.
തൃശൂര്‍ ഒല്ലൂര്‍ പൊറാട്ടുക്കര പരേതരായ അന്തോണി, വെറോനിക്ക ദമ്പതിമാരുടെ പത്തുമക്കളില്‍ അഞ്ചാമത്തെ മകള്‍ സിസ്റ്റര്‍ ട്രിസാന്റോ(അങ്കമാലി ലിറ്റില്‍ ഫഌവര്‍ കോളേജ് പ്രൊഫസര്‍), രണ്ടാമന്‍ സ്വാമിയച്ചന്‍ എന്നിവരുടെ അപ്രതീക്ഷിത വേര്‍പാട് സഭക്കും, കുടുംബാംഗങ്ങള്‍ക്കും, സമൂഹത്തിനും തീരാനഷ്ടമാണ്.
‘ഹാര്‍ട്ട് ഓഫ് മര്‍ഡറര്‍’ എന്ന ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ചു കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ എത്തിയിരുന്നു സ്വാമിയച്ചന്‍, വീണ്ടും സന്ദര്‍ശനത്തിനൊരുങ്ങുന്നതിനിടയിലാണ് മരണം അപ്രതീക്ഷിതമായി സംഭവിച്ചത്. ന്യൂയോര്‍ക്കിലുള്ള സഹോദരന്‍ ഡേവിഡാണ് ഇവിടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചത്.