ഫിലാഡല്‍ഫിയയില്‍ കുട്ടികളുടെ വിശ്വാസപരിശീലനക്ലാസ് ഉല്‍ഘാടനം ചെയ്തു

08:34 am 15/9/2016
– ജോസ് മാളേയ്ക്കല്‍
Newsimg1_46086396
ഫിലാഡല്‍ഫിയ: വിശ്വാസചൈതന്യനിറവില്‍ “ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസപരിശീലന ക്ലാസിന്റെ ഉല്‍ഘാടനം ലളിതമായ ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2016- 2017 അദ്ധ്യനവര്‍ഷക്ലാസുകള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച്ച ദിവ്യബലിയ്ക്കുശേഷം ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജോസ്, വിശ്വാസിസമൂഹം എന്നിവരെ സാക്ഷി നിര്‍ത്തി ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍ ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു. ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ജോസ്, ഫാ. കാള്‍ പീബര്‍ എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിച്ച ദിവ്യബലിമധ്യേ 300 ല്‍ പരം മതബോധനവിദ്യാര്‍ത്ഥികളെയും, 40 ല്‍ അധികം വരുന്ന അധ്യാപകരെയും പുതിയ അധ്യയനവര്‍ഷത്തേക്ക് ഫാ. ജോണിക്കുട്ടി സ്വാഗതം ചെയ്തു. അധ്യാപകര്‍ക്കും, മതബോധനവിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പുതുവര്‍ഷം മംഗളകരമാകാന്‍ ആശംസകള്‍ നേര്‍ന്നു.

ആഗോളസഭ ദൈവികകരുണയുടെ ജൂബിലി വര്‍ഷം ആചരിക്കുന്നതിനോടനുബന്ധിച്ച് കാരുണ്യപ്രവൃത്തിയിലൂന്നിയ പലപരിപാടികളും സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി 2016-2017 അധ്യയനവര്‍ഷം പ്ലാന്‍ ചെയ്തിട്ടുണ്ട്. ബൈബിള്‍ പാരായണം, പാവപ്പെട്ടവര്‍ക്ക് ആഹാരം, ഫുഡ് ഡ്രൈവ്, തീര്‍ത്ഥാടനം, അഖണ്ഡജപമാലയര്‍പ്പണം എന്നിവ അവയില്‍ ചിലതുമാത്രം.

പ്രീകെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിയ്ക്കുശേഷം ഒരുമണിക്കൂര്‍ വിശ്വാസപരിശീലനം നല്‍കിവരുന്നു. കുട്ടികളില്‍ കുരുന്നു പ്രായത്തില്‍തന്നെ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, പ്രകൃതിസ്‌നേഹവും, സഹജീവിയോടുള്ള കരുണയും, പങ്കുവക്കലിന്റെ പ്രാധാന്യവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും വിശ്വാസപരിശീലനത്തിലൂടെയും, ആഘോഷങ്ങളിലൂടെയും നല്‍കേണ്ടത് ഭാവിയില്‍ നല്ല പൗരന്മാരാകാന്‍ അത്യന്താപേക്ഷിതമാണ്.

സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ഗായകരായ ചര്‍ച്ച് യൂത്ത് ക്വയര്‍ ആലപിച്ച ദിവ്യബലിഗാനങ്ങള്‍ ശ്രുതിമധുരമായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ സ്വാഗതം ആശംസിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ അധ്യാപകരെ ഒന്നൊന്നായി സദസിനു പരിചയപ്പെടുത്തി. ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, പി. റ്റി. എ. പ്രസിഡന്റ് ജോജി ചെറുവേലില്‍, മുന്‍ സ്കൂള്‍ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, സ്കൂള്‍ രജിസ്ട്രാര്‍ ടോം പാറ്റാനിയില്‍, സ്കൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ലളിതമായ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു.