ഫിലാഡല്‍ഫിയ പോസ്റ്റല്‍ ഓണാഘോഷം 2016 വര്‍ണ്ണാഭമായി

08:21 am 22/9/2016

Newsimg1_59078999
ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റേയും, സ്‌നേഹത്തിന്റേയും നഗരമായ ഫിലാഡല്‍ഫിയയുടെ ഹൃദയഭൂവില്‍ പൊട്ടിവിടര്‍ന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് അമേരിക്കന്‍ മലയാളി പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍. യു.എസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ഏവരേയും ഒരു കുടക്കീഴില്‍ അണിനിരത്തുവാനായി തുടങ്ങിയ കൂട്ടായ്മയാണ് ഇത്.

സെപ്റ്റംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായ ലേബര്‍ ഡേ ദിനത്തിലാണ് എല്ലാവര്‍ഷവും ഓണാഘോഷത്തിനായി ഒത്തുകൂടുന്നത്. ഈവര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ അഞ്ചാം തീയതി അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു.

അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ സജി സെബാസ്റ്റ്യന്റെ സ്വാഗത പ്രസംഗത്തോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. അതിനുശേഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും, നൃത്യനൃത്തങ്ങളും, ചെണ്ടമേളവും അരങ്ങേറി. മത്സര വിജയികള്‍ക്ക് സജി സെബാസ്റ്റ്യന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

അസോസിയേഷന്റെ അംഗങ്ങള്‍ ഭവനങ്ങളില്‍ നിന്നും പാകം ചെയ്തുകൊണ്ടുവന്ന 28 ഇനം കറികളോടുകൂടിയ വിഭവ സമൃദ്ധമായ ഓണസദ്യ നടത്തി. അതിമനോഹരമായ ഓണപ്പൂക്കളം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഓണാഘോഷത്തിനായി ലേബര്‍ ഡേ ദിനത്തില്‍ പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നത്. ഇരുപതില്‍ താഴെ പോസ്റ്റല്‍ കുടുംബങ്ങളുമായി തുടങ്ങിയ കൂട്ടായ്മയാണ് ഇന്ന് നൂറില്‍പ്പരം അംഗങ്ങള്‍ പങ്കെടുക്കുന്ന ഒരു മഹത്തായ കൂട്ടായ്മയായി മാറിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഘടനാപാടവം മികച്ച ഉദാഹരണമാണ്.

കോ-കണ്‍വീനര്‍ ജസ്റ്റിന്‍ ജോസ് സദസ്സിന് നന്ദി അര്‍പ്പിച്ചു. സ്വപ്ന സജി സെബാസ്റ്റ്യന്‍ എം.സിയായിരുന്നു. അലക്‌സ് ജേക്കബ്, ഷൈന്‍ ഉമ്മന്‍, മാത്യു വര്‍ഗീസ്, സന്തോഷ് മത്തായി, ജയിംസ് ജോസഫ്, സണ്ണി ഫിലിപ്പ്, ജോര്‍ജ്, മാത്യു, ഷാജു ജോര്‍ജ്, ജോബി കൊച്ചുമുട്ടം, പ്രാണേഷ്, ആനി മേട്ടില്‍, ജസ്സി ബന്‍സി, അനിതാ ഫിലിപ്പ്, ലൈസമ്മ മാത്യു, തോമസ് ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓണാഘോഷത്തിനായി അടുത്ത ലേബര്‍ഡേ ദിനത്തില്‍ കാണാമെന്ന് പരസ്പരം ആശംസിച്ചു നാലുമണിയോടെ പരിപാടികള്‍ക്ക് തിരശീല വീണു.