ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഉയിര്‍പ്പുതിരുനാള്‍ ഭക്തിസാന്ദ്രം

12:16pm 31/3/2016

ജോസ് മാളേയ്ക്കല്‍
Newsimg4_58948567
ഫിലാഡല്‍ഫിയ: കരുണാ വര്‍ഷ തീര്‍ത്ഥാടനകേന്ദ്രമായ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ ക്രിസ്തുനാഥന്റെ ജറുസലം ദേവാലയപ്രവേശനവും, പീഡാസഹനവും, കുരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍ ഓശാനത്തികുനാള്‍ ആചരണത്തോടെ തുടങ്ങി. ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആചരിച്ചു.
ഞായറാഴ്ച രാവിലെ പത്തുമണിയ്ക്ക് ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം തുടുംബങ്ങള്‍ പങ്കെടുത്തു. പ്രത്യേക പ്രാര്‍ത്ഥനാപൂര്‍വം ആശീര്‍വദിച്ചുനല്‍കിയ കുരുത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിയ്ക്ക് വെളിയിലൂടെയുള്ള കുരുത്തോലപ്രദക്ഷിണവും, ‘വാതിലുകളെ തുറക്കുവിന്‍’ എന്നുല്‍ഘോഷിച്ചു കൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും ഫാ. ജോണിക്കുട്ടിയും കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍ എന്നിവയ്ക്കും നേതൃത്വം നല്‍കി.
Newsimg2_36961659

അന്ത്യഅത്താഴവേളയില്‍ യേശുനാഥന്‍ താന്‍ അത്യധികം സ്നേഹിച്ച ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി എളിമയുടെയും, സ്നേഹത്തിന്റെയും പാഠങ്ങള്‍ നല്‍കി വിശുദ്ധ കുര്‍ബാനയും, പൗരോഹിത്യശുശ്രൂഷയും സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ ആയ പെസഹാത്തിരുനാള്‍ വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിയ്ക്ക് ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ കാര്‍മ്മികത്വത്തില്‍ ആചരിച്ചു. യേശുശിഷ്യരെ പ്രതിനിധീകരിച്ച് ഇടവകയിലെ 12 യുവജനങ്ങളുടെ കാലുകള്‍ കഴുകിക്കൊണ്ട് ജോണിക്കുട്ടി അച്ചന്‍ വിനയത്തിന്റെ മാതൃക യേശു പഠിപ്പിച്ചത് ഓര്‍മ്മപ്പെടുത്തി. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പങ്കുവക്കല്‍, ദിവ്യകാരുണ്യ ആരാധന എന്നിവയായിരുന്നു മറ്റു ചടങ്ങുകള്‍.

ദുഃഖവെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ പീഡാനുഭവശൂശ്രൂഷ, ഈശോയുടെ കബറടക്ക ശുശ്രൂഷയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഒരുനേരഭക്ഷണം. റവ. ഫാ. മാത്യു പന്തലാനിക്കല്‍, റവ. ഫാ. ഫ്രാന്‍സിസ് ചീരാംഗല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ. മാത്യു പന്തലാനിക്കല്‍ ദുഖവെള്ളിയുടെ സന്ദേശം പങ്കുവച്ചു. ഉച്ചകഴിഞ്ഞ് വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന നടന്നു.

ദുഃഖശനി രാവിലെ ഒമ്പതു മണിയ്ക്ക് പുത്തന്‍ വെള്ളം, പുത്തന്‍ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്റെ നോവേനയും. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ എഗ് ഹണ്ടിങ്ങ് മല്‍സരം.

പ്രത്യാശയുടെയും, പ്രകാശത്തിന്റെയും, നവജീവന്റെയും തിരുനാളായ ഈസ്റ്റര്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ ഭക്തിസാന്ദ്രമായ കര്‍മ്മങ്ങളോടെ ആഘോഷിച്ചു. ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്കാരംഭിച്ച ഈസ്റ്റര്‍ വിജില്‍ സര്‍വീസ് ഒമ്പതരക്ക് സമാപിച്ചു.
ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ടിജോ മുല്ലക്കര, റവ. ഫാ. മാത്യു പന്തലാനിക്കല്‍, റവ. ഫാ. ഫ്രാന്‍സിസ് ചീരാംഗല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഉയിര്‍പ്പുതിരുനാളിന്റെ ശുശ്രൂഷകള്‍ നടന്നു. മരണത്തെ കീഴടക്കി മാനവരാശിക്ക് പ്രത്യാശയുടെ സന്ദേശം നല്‍കിക്കൊണ്ട് ഉത്ഥാനം ചെയ്ത യേശുവിന്റെ സമാധാനം വൈദികര്‍ എല്ലാവര്‍ക്കും ആശംസിച്ചു. റവ. ഫാ. ടിജോ മുല്ലക്കര ഉയിര്‍പ്പു തിരുനാളിന്റെ സന്ദേശം വളരെ ലളിതമായ ഭാഷയില്‍ പങ്കുവച്ചു.

ഇളംനിറങ്ങളിലുള്ള പുതുവസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ബാലികാ ബാലന്മാരും, യുവതീയുവാക്കളും, ഇടവകജനങ്ങളും കത്തിച്ച മെഴുകുതിരികളുമായി വൈദികരുടെ നേതൃത്വത്തില്‍ ഉത്ഥാനം ചെയ്ത യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് പള്ളിയ്ക്ക് വെളിയിലൂടെ നടത്തിയ പ്രദക്ഷിണം മനോഹരമായി. യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തെ അനുസ്മരിച്ചുകൊണ്ട് പരിശുദ്ധിയുടെ പ്രതീകങ്ങളായ ലില്ലിപ്പൂക്കള്‍ 33 യുവതീയുവാക്കള്‍ അള്‍ത്താരയില്‍ ഉത്ഥിതനായ യേശുവിന്റെ രൂപത്തിനു ചുറ്റും പ്രതിഷ്ടിച്ചു വണങ്ങി.

ആയിരത്തിലധികം വരുന്ന ഇടവകസമൂഹം ഭക്തിയുടെ നിറവില്‍ ഈസറ്റര്‍ ആഘോഷങ്ങളില്‍ ആദ്യന്തം പങ്കെടുത്തു. ഉയിര്‍പ്പുരൂപം വണങ്ങുന്നതിനും, നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതിനും വലിയ തിരക്ക് കാണാമായിരുന്നു. ഗായകസംഘം ഈ സമയം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു.

ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), ജേക്ക് ചാക്കോ എന്നിവര്‍ ലിറ്റര്‍ജി കാര്യങ്ങള്‍ വിശുദ്ധവാരത്തിലെ എല്ലാദിവസങ്ങളിലും കോര്‍ഡിനേറ്റ് ചെയ്തു. മറ്റുക്രമീകരണങ്ങള്‍ ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പള്ളിക്കമ്മിറ്റിയും, മരിയന്‍ മദേഴ്സും, മറ്റു ഭക്തസംഘടനാ പ്രവര്‍ത്തകരും നിര്‍വഹിച്ചു. ഫോട്ടോ: ജോസ് തോമ­സ്