ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വി: തോമ്മാശ്ലീഹായുടെ തിരുനാളിനു തുടക്കമായി

– ജോസ് മാളേയ്ക്കല്‍
Newsimg1_45989403
ഫിലാഡല്‍ഫിയ: വിശ്വാസത്തില്‍ നമ്മുടെ പിതാവും, ഭാരതഅപ്പസ്‌തോലനും, ഇടവകമദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാനതിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സമാരംഭിച്ചു. ജൂണ്‍ 24 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. സജി മുക്കൂട്ട് എന്നീവൈദികരുടെ മഹനീയ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ക്കൊടി ഉയര്‍ത്തപ്പെട്ടതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. കൊടിയേറ്റത്തെതുടര്‍ന്ന് ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. സജി മുക്കൂട്ട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, മധ്യസ്ഥപ്രാര്‍ത്ഥനയും, രൂപം വെഞ്ചരിപ്പും, ലദീഞ്ഞും നടന്നു. ഫാ. സജി മുക്കൂട്ട് തിരുനാള്‍ സന്ദേശം നല്കി.

ജുലൈ 1 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി. എത്യോപ്യയിലെ നെകെംതെ രൂപതാ ബിഷപ്പ് മാര്‍ വര്‍ഗീസ് തോട്ടംകര മുഖ്യകാര്‍മ്മികന്‍. റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികര്‍.

ഏഴുമണിമുതല്‍ ഗാനമേള, മിമിക്രി. ന്യൂയോര്‍ക്ക് ന്യൂമ്യൂസിക് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന സംഗീതസയാഹ്നം.

ജുലൈ 2 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. തിരുനാള്‍ സന്ദേശം നല്‍കുന്നത് തിരുവല്ല ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് തിരുമേനി. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെയും, മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

7 മണിമുതല്‍ പുതിയ ഭൂമി, പുതിയ മനുഷ്യന്‍ എന്ന സാമൂഹിക നാടകം. മനോജ് ലാമണ്ണില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ ഇടവകയിലെ തന്നെ കലാകാരന്മാര്‍ വേഷമിടുന്നു.

ജുലൈ 3 ഞായറാഴ്ച്ച 10 മണിക്ക് റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. ജോസഫ് ആദോപ്പിള്ളില്‍, റവ. ഫാ. തോമസ് മലയില്‍, റവ. ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദുക്‌റാന തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്. പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

ജൂണ്‍ 24 മുതല്‍ 30 വരെ എല്ലാദിവസങ്ങളിലും കുടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 4 തിങ്കളാഴ്ച്ച വൈകുന്നേരം 6:30 നു ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.

ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ പ്രസുദേന്തിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ തിരുനാളിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. .