ഫീനിക്‌സില്‍ നവാഗത് 2016 സംഘടിപ്പിച്ചു

09:10am 10/5/2016

ജോയിച്ചന്‍ പുതുക്കുളം
phonixnavagath_pic
ഫീനിക്‌സ്: ഫീനിക്‌സ് മെട്രോ നഗരത്തില്‍ പുതുതായി എത്തിച്ചേര്‍ന്ന മലയാളികള്‍ക്കായി ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണ സമ്മേളനം ചേര്‍ന്നു. വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സ്വീകരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചത്. സെന്റ് ജോണ്‍ പോള്‍ ദി സെക്കന്‍ഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നവാഗത സമ്മേളനത്തില്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ അധ്യക്ഷത വഹിച്ചു.

മറുനാട്ടില്‍ എത്തുമ്പോള്‍ തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും സ്വതന്ത്രമായി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആത്മീയ-സാമൂഹ്യ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സമൂഹമായി വളരാന്‍ കേരളീയര്‍ക്കാകുമെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. ഫീനിക്‌സ് ഹോളി ഫാമിലി ദേവാലയത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ ആത്മീയ-സാംസ്‌കാരികാഘോഷങ്ങളിലേക്കും നവാഗതരെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മുപ്പത്തഞ്ചിലധികം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനും, തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുന്ന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഒരുക്കിയിരുന്നു. പങ്കെടുത്തവരുടെ ബഹുമാനാര്‍ത്ഥം പ്രത്യേക സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

പാരീഷ് ട്രസ്റ്റി ജയ്‌സണ്‍ വര്‍ഗീസ്, സാജന്‍ മാത്യു എന്നിവര്‍ പരിപാടികളുടെ മുഖ്യ സംഘാടകരായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.