ഫീനിക്‌സില്‍ പുതിയ മലയാളം അക്കാഡമിക്ക് തുടക്കമായി

12:16 pm 16/8/2016

മാത്യു ജോസ്
Newsimg1_26336264
ഫീനിക്‌സ്: ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ അക്കാഡമിക്ക് തുടക്കമായി. മലയാള ഭാഷ അനായാസേന കൈകാര്യം ചെയ്യാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാഡമിക്ക് തുടക്കംകുറിച്ചിരിക്കുന്നത്. മൂല്യങ്ങളും സംസ്കാരങ്ങളും രൂപപ്പെടുത്തുന്നതില്‍ ഭാഷയ്ക്ക് അതിപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് “മലയാളം കളരി’യുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. കേരള സഭയുടെ മഹത്തായ വിശ്വാസവും പാരമ്പര്യവും ആത്മീയ സംസ്കാരവും അമേരിക്കയിലും പിന്തുടരുന്നതിന് പുതിയ തലമുറയെ പ്രാപ്തമാക്കുന്നതാണ് മലയാളം അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളെന്ന് ഫാ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാഠ്യപരിശീലനം പൂര്‍ത്തിയാകുമ്പോള്‍ മലയാളം വി. കുര്‍ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നതിനും ആത്മീയ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ തന്നെ വായിച്ച് ഗ്രഹിക്കുന്നതിനും സഹായമാകുംവിധമാണ് പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുന്നതെന്ന് അക്കാഡമിയുടെ മുഖ്യ കോര്‍ഡിനേറ്റര്‍ ബോബി ജോസ് ചാമംകണ്ഡയില്‍ പറഞ്ഞു. പാരീഷ് ലൈബ്രറിയുടെ വിപുലമായ പുസ്തകശേഖരം ഈ ലക്ഷ്യത്തിലേക്കായി ഉപയോഗപ്പെടുത്തുന്നതിനും തീരുമാനമായിട്ടുണ്ട്. മലയാളത്തിലെ ക്ലാസിക് കൃതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയത്‌നലളിതമായി പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പഠനരീതിയും, വിപുലീകരിച്ച പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് ഷാജു ഫ്രാന്‍സീസ് സംസാരിച്ചു.