09:02am 25/3/2016
ആംസ്റ്റർഡാം: ഡച്ച് ഫുട്ബാൾ ഇതിഹാസം യോഹാൻ ക്രൈഫ് അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിൻെറ വെബ്സൈറ്റ് അറിയിച്ചു. ലോക ഫുട്ബാളർ പട്ടം മൂന്നു തവണ നേടിയ ക്രൈഫ് ഹോളണ്ടിനെ 1974ലെ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ടോട്ടൽ ഫുട്ബാളിൻെറ ഏറ്റവും വലിയ പ്രയോക്താവായാണ് യോഹാൻ ക്രൈഫ് അറിയപ്പെടുന്നത്. ക്രൈഫിൻെറ സാന്നിദ്ധ്യത്തിൽ 1970കളിൽ മികച്ച നേട്ടങ്ങളാണ് ഹോളണ്ട് ഫുട്ബാളിന് ലഭിച്ചത്. 1974 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിച്ച ക്രൈഫ്, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ പുരസ്കാരം നേടുകയും ചെയ്തു.
അയാക്സ് ആംസ്റ്റർഡാമിലാണ് ക്രൈഫ് തൻെറ പ്രഫഷണൽ കരിയർ ആരംഭിച്ചത്. ഡച്ച് ഫുട്ബാളിലെ ഏറ്റവും വലിയ ലീഗായ എറിഡിവിസിയിൽ എട്ടുതവണ ക്രൈഫ് ജേതാവായി. 1973ൽ അദ്ദേഹം ബാഴസലോണയിൽ എത്തി. ബാഴ്സക്കൊപ്പം ലാലിഗ കിരീടം സ്വന്തമാക്കിയ അദ്ദേഹം യൂറോപ്യൻ ഫുട്ബാളർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ വിരമിച്ചതിന് ശേഷം അയാക്സിൻെറയും പിന്നീട് ബാഴ്സലോണയുടെയും പരിശീലകക്കുപ്പായത്തിലും ക്രൈഫ് തിളങ്ങി.
1999ൽ നൂറ്റാണ്ടിലെ യൂറോപ്യൻ ഫുട്ബാളറായി ക്രൈഫ് തെരഞ്ഞെടുക്കപ്പെട്ടു. നൂറ്റാണ്ടിൻെറ ലോക ഫുട്ബാളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇതിഹാസ താരം പെലെക്ക് പിന്നിൽ രണ്ടാം സ്ഥാനം നേടിയത് ക്രൈഫായിരുന്നു.
1966 സെപ്റ്റംബർ ഏഴിനാണ് ഡച്ച് ദേശീയ ടീമിൽ ക്രൈഫ് അരങ്ങേറിയത്. നെതർലൻഡ്സിൻെറ കുപ്പായത്തിൽ 48 കളികളിൽ നിന്ന് 33 ഗോളുകളാണ് ക്രൈഫ് സ്വന്തമക്കിയത്. ക്രൈഫ് സ്കോർ ചെയ്ത ഒറ്റ മത്സരവും ഡച്ച് ടീം തോറ്റിട്ടില്ല. ഹംഗറിക്കെതിരെയായിരുന്നു മത്സരം. തൻെറ രണ്ടാമത്തെ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ച ക്രൈഫ്, ആദ്യമായി ചുവപ്പുകാർഡ് കാണുന്ന ഡച്ച് ഫുട്ബാളറുമായി.