ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് ക്രിസ്റ്റ്യന്‍ ഗലാനോയ്ക്ക്

11-10-2016 12.31 AM
green_1010
മിലാന്‍: ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കിയത് വിസെന്‍സ കളിക്കാരന്‍ ക്രിസ്റ്റ്യന്‍ ഗലാനോ. ഇറ്റലിയിലെ സിരി ബി ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തിലാണ് റഫറി ഗ്രീന്‍ കാര്‍ഡ് പുറത്തെടുത്തത്. സത്യസന്ധമായ കളി പുറത്തെടുത്ത കളിക്കാരനാണ് ഗ്രീന്‍ കാര്‍ഡ് നല്‍കുന്നത്. റഫറി വിസെന്‍സയ്ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് അനുവദിച്ചശേഷം എതിര്‍ ടീം കളിക്കാരില്‍ ആരും പന്തില്‍ തൊട്ടില്ല എന്ന് സമ്മതിച്ചതിനാണ് റഫറി ഗ്രീന്‍ കാര്‍ഡ് നല്‍കിയത്.

ഈ സീസണ്‍ മുതലാണ് സിരി ബിയില്‍ ഗ്രീന്‍ കാര്‍ഡ് നടപ്പാക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് സ്വന്തമാക്കുന്ന കളിക്കാരന് സീസണിന്റെ അവസാനം പുരസ്‌കാരം ലഭിക്കും. ടൂര്‍ണമെന്റ് ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ഗ്രീന്‍ കാര്‍ഡ് അവതരിപ്പിച്ചത്.