ഫെഡററെയും മറികടന്ന് ചരിത്ര നേട്ടത്തില്‍ സെറീന

12.21 PM 06-09-2016
serena-us-openന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്‌ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്. റോജര്‍ ഫെഡററിന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ യറൊസഌവ ഷെവ്‌ഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതോടെയാണ് സെറീന ചരിത്രത്താളില്‍ ഇടംപിടിച്ചത്. അമേരിക്കന്‍ താരത്തിന്റെ 308-ാം ഗ്രാന്‍ഡ് സ്‌ലാം മത്സര ജയമായിരുന്നു ഇത്.
6-2, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ പ്രീക്വാര്‍ട്ടര്‍ ജയം. 16-ാം വയസില്‍ 1998ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് സെറീനയുടെ ഗ്രാന്‍ഡ് സ്‌ലാം മത്സര പ്രവേശനം. യുഎസ് ഓപ്പണില്‍ 88 ജയവും വിംബിള്‍ഡണില്‍ 86ഉം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 74ഉം ഫ്രഞ്ച് ഓപ്പണില്‍ 60ഉം ജയംവീതം സെറീന സ്വന്തമാക്കിക്കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആറു തവണയും (2003, 2005, 2007, 2009, 2010, 2015) ഫ്രഞ്ച് ഓപ്പണ്‍ മൂന്നു പ്രാവശ്യവും (2002, 2013, 2015) വിംബിള്‍ഡണ്‍ ഏഴ് തവണയും (2002, 2003, 2009, 2010, 2012, 2015, 2016) യുഎസ് ഓപ്പണ്‍ ആറ് പ്രാവശ്യവും (1999, 2002, 2008, 2012, 2013, 2014) സെറീന സ്വന്തമാക്കി.