ഫെഡറല്‍ ജഡ്ജിയായി അബിദ് ഖുറേഷിക്ക് നോമിനേഷന്‍ : ചരിത്രം കുറിച്ച് ഒബാമ

01.49 AM 09-09-2016
unnamed (1)
പി. പി. ചെറിയാന്‍
വാഷിങ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് മുസ്ലീം സമുദായത്തില്‍പ്പെട്ട അബിദ് ഖുറേഷിയെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. സ്ഥാനമൊഴിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമോ എന്ന് വരും നാളുകളില്‍ വ്യക്തമാകും.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ബെഞ്ചില്‍ സേവനമനുഷ്ഠിക്കുവാന്‍ ഖുറേഷിയെ താന്‍ നോമിനേറ്റു ചെയ്യുന്നു. അമേരിക്കന്‍ നീതി ന്യായ വ്യവസ്ഥയോടു പൂര്‍ണ്ണമായി കൂറു പുലര്‍ത്തുവാനും എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്നതിനും ഖുറേഷിക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും ഒബാമയുടെ പ്രസ്താവനയില്‍ പറയുന്നു.
ജൂഡിഷ്യറിയിലെ എല്ലാ നോമിനേഷനുകളും സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തടഞ്ഞുവെയ്ക്കുകയും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ വിവാദമാവുകയും ചെയ്ത സാഹചര്യത്തില്‍ ഒബാമയുടെ പുതിയ നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
ഖുറേഷിയുടെ നോമിനേഷന്‍ മുസ്ലീം സമുദായം സ്വാഗതം ചെയ്തു. 2016ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രസിഡന്റ് വീണ്ടും ഖുറേഷിയെ നോമിനേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന കിറ പറഞ്ഞു. അബിദ് ഖുറേഷിയെ നോമിനേറ്റു ചെയ്യുക വഴി ഒബാമ അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു എന്ന് അഭിമാനിക്കാം.