09:52am 01/6/2016
ഡാളസ്: നോര്‍ത്ത് അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ) ഇരുപതാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 ജൂണ്‍ 17,18,19 തീയതികളില്‍ ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റില്‍ വച്ചു നടത്തപ്പെടുന്നതാണ്. ഈവര്‍ഷത്തെ കുടുംബ സംഗമം കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിപുലമായി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ വിവിധ കമ്മിറ്റികള്‍ ചെയ്തുവരുന്നു. അമേരിക്കയിലുള്ള പെന്തക്കോസ്ത് ദൈവസഭകളുടെ കൂടിവരവ് ഈവര്‍ഷം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് ഗോസ്പല്‍ അസംബ്ലിയാണ്.
യുവജനങ്ങള്‍ നശീകരണത്തിന്റെ വക്കിലേക്ക് നീങ്ങിയിരിക്കുന്ന ഈ തലമുറയില്‍ അമേരിക്കയിലുള്ള യുവജനങ്ങള്‍ക്ക് ശക്തമായ വെല്ലുവിളിയുമായാണ് ബഹ്‌റിനില്‍ നിന്നും ഡോ. മാത്യു ജോര്‍ജ് എം.ഡി ഈവര്‍ഷത്തെ പ്രധാന സന്ദേശവുമായി എത്തുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും കടന്നുവരുന്ന വിശ്വാസികള്‍ക്ക് ആത്മീയ പ്രചോദനം നല്‍കുന്ന സമ്മേളനത്തിന് പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്‍ നേതൃത്വം നല്‍കുന്നു. ക്രിസ്തീയ ദൗത്യങ്ങളില്‍ നിന്നും മാറിക്കൊണ്ടിരിക്കുന്ന തലമുറയെ ദൈവീകദൗത്യത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍, ക്രിസ്തുവിന്റെ സ്വഭാവം പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനായി ഈവര്‍ഷത്തെ സമ്മേളനം ഊന്നല്‍കൊടുക്കുന്നുവെന്ന് സെക്രട്ടറി സുനില്‍ മാത്യു അറിയിച്ചു. ആഷ്‌ലി മാത്യു യുവജനസമ്മേളനത്തിനും, ആലീസ് ആന്‍ഡ്രൂസ് വനിതാ സമ്മേളനത്തിനും നേതൃത്വം കൊടുക്കുന്നു. സെക്രട്ടറി വെജിമോന്‍ തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.കെ. ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിഭിന്നമായി തയാര്‍ ചെയ്യുന്ന ഈവര്‍ഷത്തെ സമ്മേളനത്തില്‍ വന്ന് ആത്മീയ വിജയത്തില്‍ പങ്കാളികളാകാന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യു ശാമുവേല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.