ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

08:54 am 28/11/2016
images

തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ വലയിലായതായി സൂചനയുണ്ട്.

അറസ്റ്റിലായ ഫൈസലിന്‍റെ സഹോദരി ഭർത്താവ് വിനോദ്

നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), ഫൈസലിന്‍െറ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്‍െറ മുഖ്യസൂത്രധാരനായ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജീഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരാണ് പിടിയിലായ പ്രതികള്‍. കഴിഞ്ഞ 19ന് പുലര്‍ച്ചെ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുംവഴി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ബൈക്കിലത്തെിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ച് കൂടിയ ജനങ്ങൾ

ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഫൈസല്‍ നാട്ടിലത്തെിയപ്പോള്‍ ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിച്ചു. സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാല്‍ സഹോദരി ഭര്‍ത്താവായ വിനോദ് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രാദേശിക നേതാക്കളായ ഹരിദാസന്‍, ഷാജി, സുനില്‍, സജീഷ് എന്നിവരെ സമീപിക്കുകയായിരുന്നു. ഇവര്‍ സംഘടനയുടെ പരപ്പനങ്ങാടിയിലെ നേതാക്കളെ വിവരമറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍ ഷാജി, സജീഷ്, സുനില്‍, വിനോദ്, പ്രദീപ്, ഹരിദാസന്‍, പരപ്പനങ്ങാടിയിലെ സംഘടന നേതാവ് ജയപ്രകാശന്‍ എന്നിവര്‍ മേലേപ്പുറം എന്ന സ്ഥലത്ത് ഒത്തുചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. വിവരം തിരൂരിലെ പ്രമുഖ ഹിന്ദുത്വ സംഘടന നേതാവിനെ അറിയിക്കുകയും ചെയ്തു. തിരൂരിലെ നേതാവിന്‍െറ നിര്‍ദേശപ്രകാരം മൂന്നുപേര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞിയിലത്തെി കൃത്യം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഫൈസല്‍ താനൂരിലേക്ക് പോകുന്നുണ്ടെന്ന വിവരം ലിജു എന്ന ലിജേഷാണ് സംഘത്തിന് കൈമാറിയത്.