03:10pm 29/6/2016
ജോയിച്ചന്‍ പുതുക്കുളം
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയിലെ ഹില്‍ട്ടണ്‍ സ്വീറ്റ്‌സില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാകുവാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
മുപ്പത്തിമൂന്നു വര്‍ഷം പിന്നിട്ട ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്കു കാനഡാ കണ്‍വന്‍ഷനെകുറിച്ചു വലിയ പ്രതീക്ഷകള്‍ ഉണ്ട് .
1983ല്‍ ഡോക്ടര്‍ എം.അനിരുദ്ധന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംഘടനയാണ് ഫൊക്കാന. ഇന്ന് ഒരു വടവൃക്ഷമായി, മലയാളികള്‍ക്കാകെ ഒരു തണലായി വളര്‍ന്നു പന്തലിച്ചു കഴിഞ്ഞു ഇത്!
അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ആശയും അഭിമാനവുമായി ഫൊക്കാന വളര്‍ന്നു. പിന്നിട്ട വഴികളിലെല്ലാം ഒരിക്കലും മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് ആയിരുന്നു അതിന്റെ പ്രയാണം. പ്രതിബന്ധങ്ങളേറെയുണ്ടായിരുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിന്നു. ചില ചില്ലകളും തളിരും ആകാറ്റില്‍ കൊഴിഞ്ഞുവീണു എന്നത് സത്യമാണ്. പക്ഷേ ഫൊക്കാനയുടെ അടിവേരുകള്‍ ജനഹൃദയത്തിലായിരുന്നു. ജനങ്ങളുടെ വിശ്വാസമെന്ന ഉരുക്കു കയറില്‍ ഭദ്രമായിരുന്നു ഈ മഹാവൃക്ഷം!
ജാതി സമുദായങ്ങളുടെ പേരില്‍ ഇവിടെ അനേകം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളികളുടെ ഒരുമയും ശക്തിയും ഭിന്നിപ്പിക്കാനേ ഇത്തരം കൂട്ടായ്മകള്‍ കൊണ്ടു സാധിക്കു.
വിഷമസന്ധികള്‍ പലതും കടന്ന കരുത്താണ് ഇന്നും ഫൊക്കാനയുടെ വളര്‍ച്ചയുടെ ശക്തിമന്ത്രം. ഈ കരുത്ത് നാം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സമുചിതം സംഘടിപ്പിച്ച് ആര്‍ജ്ജിച്ചതാണ്. കുട്ടികളേയും ചെറുപ്പക്കാരേയും വനിതകളേയയും എല്ലാം നാം കൂടെ കൂട്ടി. അവര്‍ക്കു അവസരങ്ങള്‍ നല്കി. അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. ഫൊക്കാനയുടെ പ്ലാറ്റ്‌ഫോമിലൂടെ വളര്‍ന്നു വലുതായവരുടെ പട്ടിക നീണ്ടതാണ്!
എന്തെല്ലാം ഭിന്നതകള്‍ ഉണ്ടെങ്കിലും ഫൊക്കാനയെ തള്ളിപ്പറയുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമാണെന്നു അമേരിക്കന്‍ മലയാളികള്‍ മനസ്സിലാക്കണം. അമേരിക്കന്‍ മലയാളികളുടെ ശക്തിയും കേരളത്തിന്റെ വളര്‍ച്ചും ലക്ഷ്യമാക്കി നീങ്ങുകയാണ് നാം. അതില്‍ അപശ്രുതികള്‍ ഉണ്ടായിക്കൂടാ.
33 വര്‍ഷങ്ങള്‍ക്കപ്പുറം സുമനസ്സുകള്‍ നിറഞ്ഞ പ്രാര്‍ത്ഥനയോടു കൊളുത്തിവെച്ച ഈ കെടാവിളക്ക് ക്ഷീണിക്കാതെ ഇന്നും പ്രകാശം പരത്തുന്നു. ആത്മാര്‍ത്ഥതയോടും നന്ദിയോടും കൂടി നാമതു കാത്തുകൊളളുക തന്നെ വേണം!
ഫൊക്കാനയുടെ ചരിത്രത്തിലെ ഒരു മികച്ച ഏടായിരിക്കും ഫൊക്കാനാ കാനഡാ കണ്‍വന്‍ഷന്‍. ആമുഖം വേണ്ടാത്ത സംഘടന ആണ് ഫൊക്കാനാ. ഇനി ഫൊക്കാനയ്ക്കു പുതിയ മുഖങ്ങളുടെ കൂട്ടായ്മ വേണം. അതിനായി ഫൊക്കാനയുടെ വാതിലുകള്‍ തുറന്നിട്ടിരുന്നു. ആ വാതിലിലൂടെ കടന്നു വന്നവര്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അറിയപ്പെടുന്നവരായി മാറി. ഒരു മികച്ച ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് എല്ലാ സംഘടനകയുടെയും ലക്ഷ്യം. ഫൊക്കാനയും അങ്ങനെ തന്നെ. അത് കൊണ്ടു ഫൊക്കാനയ്‌ക്കൊപ്പം അണിചേരുക. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാകും എന്നും.
ഫൊക്കാന കാനഡാ കണ്‍വന്‍ഷനിലേക്കു എല്ലാ അമേരിക്കന്‍ മലയാളികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
പോള്‍ കറുകപ്പിള്ളില്‍ (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍)