അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം മത്സരിക്കുകയാണ്. തലമുറകളുടെ സംഗമവേദിയായ ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിയുന്നത് സന്തോഷമായി കാണുന്ന ബീന, അവസരോചിതവും കാലാനുസൃതവുമായ അനേകം മാറ്റങ്ങള്‍ ഫോമയില്‍ വരുത്തുവാന്‍ കഴിയുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.
ഭൂഖണ്ഡങ്ങള്‍ക്കിപ്പുറവും വിശ്വാസത്തേയും, പാരമ്പര്യത്തേയും, മൂല്യങ്ങളേയും കൂടെക്കൂട്ടിയ അമേരിക്കന്‍ മലയാളികളായ നമ്മള്‍ അറിവിലും, നന്മയിലും, സ്‌നേഹത്തിലും സമ്പന്നരാണ്. എന്നിട്ടും നിത്യേനയെന്നോണം നമുക്കു ചുറ്റും സംഭവിക്കുന്ന പ്രശ്‌നങ്ങളും വേദനകളും നമ്മള്‍ കാണുന്നില്ല, അഥവാ കണ്ടില്ലെന്നു നടിക്കുവാനേ നമുക്കു കഴിയുന്നുള്ളൂ. എങ്ങനെ പ്രതികരിക്കണം എന്നറിയാത്തതു തന്നെയാവണം മനപൂര്‍വ്വമല്ലെങ്കിലും ചെയ്യുവാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യുവാന്‍ നമുക്ക് കഴിയാതെ പോകുന്നത്- ബീന വള്ളിക്കളം പറയുന്നു.
തലമുറകള്‍ തമ്മിലുള്ള തുറന്ന ആശയവിനിമയത്തില്‍ പലപ്പോഴെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതായി കാണുന്നു. യുവതലമുറയ്ക്ക്, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് ശരിയായ ദിശാബോധവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കുകയെന്നതാണ് ഏതൊരു മാതാപിതാക്കളുടേയും പരമപ്രധാന ലക്ഷ്യം. ചങ്ങനാശേരി വള്ളിക്കളം അനിയന്‍കുഞ്ഞിന്റെ ഭാര്യയും, രണ്ടു മുതിര്‍ന്ന കുഞ്ഞുങ്ങളുടെ അമ്മയുമായ ബീനയുടെ പ്രഥമ ലക്ഷ്യം കുട്ടികളുടെ ശോഭന ഭാവിക്കായി ഉതകുന്ന കര്‍മ്മപരിപാടികളാണ്.
ഒട്ടേറെ കര്‍മ്മവേദികളിലൂടെ കടന്നുവന്നിട്ടുള്ള പ്രവര്‍ത്തനപരിചയം ബീനയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ ഡയറക്ടര്‍, മതബോധന സ്കൂള്‍ അധ്യാപിക, പാരീഷ് കൗണ്‍സില്‍ മെമ്പര്‍ എന്നീ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുമായും മാതാപിതാക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ നേടിയ അനുഭവജ്ഞാനം ഉപകാരപ്രദമായി പ്രയോഗിക്കുവാനുള്ള സാധ്യതകള്‍ ഏറെയാണ്. കൗണ്ടി ഹോസ്പിറ്റല്‍ ട്രെയിനിംഗ് സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ബീന, മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗത്തിലുള്ള എല്ലാ ശാഖകളിലുള്ളവരുമായും ആശയവിനിമയം നടത്തുന്നു. കൗണ്ടിയുടെ എച്ച് 1 ബി വിസ സ്‌പെഷലിസ്റ്റ് കൂടിയായ ബീന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും, ഡോക്ടര്‍മാരുടേയും വിസ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ സാധ്യതകളെക്കുറിച്ചുള്ള ഈ അറിവ് ഒരുപാട് പേര്‍ക്ക് പകര്‍ന്നുകൊടുക്കാവാനും ബീന ശ്രമിക്കുന്നു. നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയിലും, ഇല്ലിനോയ് ചാപ്റ്റായ ഐ.എന്‍.എ.ഐയിലും വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ബീന ഇപ്പോള്‍, നൈനയുടെ നാഷണല്‍ വൈസ് പ്രസിഡന്റാണ്. നഴ്‌സിംഗ് സ്റ്റുഡന്റ്‌സ് മെന്ററായ ബീന ഒട്ടേറെ കുട്ടികള്‍ക്ക് തന്റെ അറിവ് പകര്‍ന്നു നല്‍കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഹൈസ്കൂള്‍, കോളജ് വിദ്യാഭ്യാസ കാര്യങ്ങളിലുള്ള സംശയദുരീകരണത്തിനായി ഗൈഡന്‍സ് കൗണ്‍സിലറായും ബീന പ്രവര്‍ത്തിക്കുന്നു.
ഫോമയുടെ ചിക്കാഗോ റീജിയന്‍ വിമന്‍സ് കോര്‍ഡിനേറ്ററായിരുന്ന ബീന, ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി സഹകരിക്കുന്നു. ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റായ സണ്ണി വള്ളിക്കളം ഭര്‍തൃസഹോദരനാണ്.
മാതാപിതാക്കള്‍ക്കായുള്ള അവബോധ സെമിനാറുകള്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസപരവും വ്യക്തിപരവും, തൊഴില്‍പരവുമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, തൊഴിലവസര അറിയിപ്പുകള്‍, കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്രതിസന്ധിഘട്ടങ്ങളിലുള്ള പിന്തുണ എന്നിവയ്ക്കായി ഫോമയുടെ ഭാരവാഹികളോട് ചേര്‍ന്നുനിന്നുകൊണ്ട് കൃത്യമായ കര്‍മ്മപരിപാടികള്‍ ഒരുക്കുവാനാണ് ബീന താത്പര്യപ്പെടുന്നത്. വര്‍ഷങ്ങളായി നിരവധി തലങ്ങളിലുള്ള പ്രവര്‍ത്തന പരിചയവും, അറിവും തന്റെ സാമൂഹിക പ്രതിബദ്ധതയും ഫോമയുടെ വനിതാ പ്രതിനിധി എന്ന തലത്തിലൂടെ സമൂഹത്തിന് ഉപകാരപ്രദമാക്കുവാന്‍ താത്പര്യപ്പെടുന്ന ബീന വള്ളിക്കളം എല്ലാ ഡെലിഗേറ്റുകളോടും സമ്മതിദാനാവകാശവിനിയോഗത്തിന്റെ അവസരത്തില്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.