ഫോമയ്ക്ക് നവപ്രതീക്ഷകളേകി വനിതാ പ്രതിനിധി ജയ്‌മോള്‍ തോമസ് (

അഭിമുഖം: സജി കരിമ്പന്നൂര്‍
Newsimg1_66325566
”ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി…” ഭാവശുദ്ധി എത്ര പ്രശംസിച്ചാലും മതിവരില്ല. അതിന് മതിയായ തെളിവാണ് പ്രവാസി വനിതകള്‍ അമേരിക്കയില്‍ ആര്‍ജിച്ചെടുത്ത കരുത്തും, കുതിപ്പും. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വനിതകള്‍ക്ക് ഇന്ന് മതിയായ പ്രാതിനിധ്യം ഉണ്ട്.ധര്‍മഭിക്ഷയ്‌ക്കെതിരായി അദ്ധ്വാനിച്ച് ആര്‍ജിച്ചെടുത്ത കരുത്തുകൊണ്ട്, നമ്മുടെ സ്ത്രീരത്‌നങ്ങള്‍ വസന്തങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണിവിടെ.

സമയം നിലച്ച പെണ്‍ഘടികാരങ്ങളല്ല; പകരം പെണ്മയുടെ കരുത്തു കൊണ്ട് സമൂഹത്തിനു മേല്‍ക്കൂര പണിയുന്നവരാണവര്‍. കൊണ്ടും കൊടുത്തും, ഉള്‍ക്കൊണ്ടു കൊണ്ടുമുള്ള ഒരു തീര്‍ത്ഥയാത്ര. സുതാര്യമായ ഒട്ടനവധി ദര്‍ശനങ്ങളില്‍ നിന്നും, ബോധധാരകളില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടു കൊണ്ട് മലയാണ്മയുടെ ഭൂമികയില്‍ ജ്വലിച്ചു നില്‍ക്കുന്ന അമേരിക്കന്‍ മലയാളികളുടെ പ്രസ്ഥാനമാണ് ഫോമ. അധിനിവേശങ്ങളുടെ ഇരുളടഞ്ഞ ഭൂതകാലത്തു നിന്നും തലമുറകള്‍ക്കായി കെട്ടുറപ്പുള്ള ചട്ടക്കൂടും, ബോധ ധാരകളും, തീര്‍ത്ത മഹാപ്രസ്ഥാനം.

ഫോമയുടെ ഊടും പാവും നെയ്തവര്‍ അതുകൊണ്ടു തന്നെയാണ് സംഘടയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയതും. ബൗദ്ധികമായ ഈ ഉള്‍പ്രേരണയില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഫ്‌ളോറിഡായില്‍ നിന്നും ഫോമയുടെ വനിതാ പ്രതിനിധിയായി രംഗത്തു വരുവാന്‍ ആഗ്രഹിച്ചതെന്ന് ഇ-മലയാളിക്ക് വേണ്ടി അനുവദിച്ച അഭിമുഖത്തില്‍ ജയ്‌മോള്‍ തോമസ് പറഞ്ഞു. ഫോമ വിമന്‍സ് റെപ്രസെന്റേറ്റീവ് സ്ഥാനത്തേയ്ക്ക് തികഞ്ഞ ആത്മവിശ്വാസവും പ്രവര്‍ത്തന പരിചയവും കൈമുതലാക്കി മത്സരത്തിനിറങ്ങുന്ന ജയ്‌മോള്‍ തോമസുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

? സംഘടനാ രംഗത്ത് എന്നു മുതല്‍ക്കാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്…
* കലാലയ ജീവിതം മുതല്‍ക്കേ തുടങ്ങിയതാണ് സംഘടനാ പ്രവര്‍ത്തനം. രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്ത് അതിന് കൂടുതല്‍ കരുത്തേകി.

? വനിതകള്‍ക്ക് സംഘടനയിലും സമൂഹത്തിലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ…
* നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ നിരവധി മേഖലകള്‍ സംഘടനയിലും സമൂഹത്തിലും ഉണ്ടെങ്കിലും അവര്‍ മുമ്പോട്ടു വരുവാന്‍ മടി കാണിക്കുകയാണ് പലപ്പോഴും. നാളെകളില്‍ ഇതിനു മാറ്റം വരണം എന്നാണ് ആഗ്രഹം. അനുവദിച്ചിരിക്കുന്ന പദവികളില്‍ പോലും കടന്ന് ചെന്ന് പ്രവര്‍ത്തിക്കുവാന്‍ സ്ത്രീകള്‍ വിമുഖത കാട്ടുന്ന ഒരു പ്രവണതയാണ് നാളിതുവരെ കണ്ടു വരുന്നത്.

? എന്തുകൊണ്ടാണ് വനിതകള്‍ കൂടുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കടന്നുവരാത്തത്…
* ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതെ’ എന്ന മനുസ്മൃതി വാക്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത ഒരു കാലഘട്ടം നമുക്ക് ഉണ്ടായിരുന്നു. ഇന്ന് കാലവും കഥയും മാറി. പക്ഷേ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ നമ്മുടെ സഹോദരിമാര്‍ തയ്യാറാവാത്തതാണ് ഒരു കാരണം. തങ്ങളുടെ ‘കംഫര്‍ട്ട് സോണില്‍’ നിന്നും പുറത്തുവരാന്‍ അവര്‍ മടി കാണിക്കുന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിച്ച്, മാറ്റത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, ജീവിതവിജയം വരിച്ച സ്ത്രീ രത്‌നങ്ങളാണ് പുതിയ തലമുറയുടെ ഊര്‍ജസ്രോതസ്സ്.

? ഇതാദ്യമായാണ് വനിതാ പ്രതിനിധിക്കു വേണ്ടി ഇലക്ഷന്‍ വരുന്നത്, ഫോമയുടെ ജനപ്രീതി വര്‍ദ്ധിച്ചു എന്നതിന്റെ തെളിവാണോ ഇത്…
* ഈ സ്റ്റേറ്റ്‌മെന്റ് അക്ഷരം പ്രതി ശരിയാണ്. ഫോമയുടെ ജനപ്രീതി ഔന്നത്യങ്ങളില്‍ എത്തി നില്‍ക്കുന്ന ഒരു സന്ദര്‍ഭം ആണിത് എന്നതില്‍ യാതൊരു സംശയവുമില്ല. മറ്റെല്ലാ സംഘടനകളും വനിതകള്‍ക്ക് പ്രാതിനിധ്യം കുറച്ച് നല്‍കുമ്പോള്‍, ഫോമ കാണിക്കുന്ന ഈ സംഘനീതി അഭിനന്ദനാര്‍ഹം തന്നെയാണ്.

? ഏതെങ്കിലും പാനലില്‍ അംഗമാണോ…
* ഒരു പാനലിനോടും ആഭിമുഖ്യം പുലര്‍ത്താതെ, എല്ലാവരോടും യോജിച്ചു പ്രവര്‍ത്തിക്കാനാണ് താത്പര്യം.

? ഫോമയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കൊണ്ടു വരാന്‍ താത്പര്യപ്പെടുന്നത്…
* വിമന്‍സ് ഫോറം ശക്തിപ്പെടുത്തും, സ്ത്രീകള്‍ സമൂഹത്തിന്റെ പ്രതീക്ഷയും പ്രകാശഗോപുരങ്ങളുമാണ്. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരും. റിട്ടയര്‍മെന്റിലേക്ക് നീങ്ങുന്നതായ കഠിനാദ്ധ്വാനം ചെയ്ത അമ്മമാരുടെ ഒരു തലമുറ നമുക്കുണ്ട്. അവരെ മുന്നില്‍ കണ്ടുകൊണ്ട് വിശാല വീക്ഷണത്തോടു കൂടിയ ചില പ്രോജക്ടുകള്‍ മനസിലുണ്ട്. കൂടാതെ അകലങ്ങളില്‍ താമസിക്കുന്ന, നാട്ടിലെ പീഡനം അനുഭവിക്കുന്ന സഹോദരിമാരുടെ ക്ഷേമത്തിനായി മറ്റൊരു പദ്ധതിയും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു. ഒപ്പം അമേരിക്കയിലും കാനഡയിലും ഉള്ള വനിതകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഫോമായുടെ നേതൃത്വത്തില്‍ ക്രിയാത്മകമായ കര്‍മ പരിപാടികള്‍ നടപ്പിലാക്കും.

? പുതിയ തലമുറയ്ക്കു വേണ്ടി നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും…
* സംഘടനയില്‍ കൂടുതല്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തും. നിശ്ചിത സീറ്റുകള്‍ അവര്‍ക്കായി മാറ്റി വയ്ക്കണം. യുവതീയുവാക്കള്‍ക്കായി വിവിധ സ്റ്റേറ്റുകളില്‍ സെഗ്മന്റുകള്‍ നടത്തും. ഭാഷയുടെ വാക്മാധുര്യത്തിലേയ്ക്ക്, ഭാരതത്തിന്റെ സംസ്‌കൃതിയുടെ ശേഷിപ്പിലേയ്ക്ക് യുവതീയുവാക്കള്‍ക്ക് ഇഴുകിച്ചേരാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കും.

? സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള മുന്‍പരിചയം…
* മലയാളി എന്‍ജിനീയറിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായി ടൊറന്റോയില്‍ നിന്നുമാണ് തുടക്കം. തുടര്‍ന്ന് KCCNA ലിറ്റററി ചെയര്‍, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ കാനഡ, കോണ്‍സ്റ്റിറ്റിയൂഷന്‍ റിവ്യൂ കമ്മിറ്റി മെമ്പര്‍ KCCNA, റ്റാമ്പാ വിമന്‍സ് ഫോറം പ്രസിഡന്റ് KCCNA, റ്റാമ്പാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, ക്‌നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ മേഖലയിലുള്ള പ്രവര്‍ത്തന പരിചയം കൈമുതലായിട്ടുണ്ട്.

? കുടുംബം, ജോലി, കുട്ടികള്‍…
* ആപ്ലിക്കേഷന്‍ എന്‍ജിനീയറായും, കമ്മ്യൂണിറ്റ് കോളജ് ഇന്‍സ്ട്രക്ടറായും പ്രോഡക്ട് മാനേജരായും അമേരിക്കയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ ഫോര്‍ റ്റാമ്പയില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ കാനഡാ മാഗഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും, മാസ്റ്റര്‍ ഓഫ് ആര്‍ട്‌സില്‍ നെബ്രാസ്‌ക്കാ ചാല്‍ഡന്‍ സ്റ്റേറ്റ് കോളജില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്. റീട്ടെയില്‍ ഫാര്‍മസി ബിസിനസ് നടത്തുന്ന ജോബി തോമസാണ് ഭര്‍ത്താവ്. കോളേജില്‍ പഠിക്കുന്ന രണ്ട് ആണ്‍മക്കള്‍.

”ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സംതൃപ്തി നല്‍കുന്നതാണ്. കാനഡ മുതല്‍ ഫ്‌ളോറിഡാ വരെയുള്ള കാല്‍നൂറ്റാണ്ടിന്റെ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും ബൃഹത്തായ ഒരു സുഹൃത്ത് വലയം സ്ഥാപിച്ചിട്ടുണ്ട്. പരിചിത പഥങ്ങള്‍ കാണിച്ചു തന്ന പാഠങ്ങളില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ടുകൊണ്ട് ഫോമായുടെ വനിതാ പ്രതിനിധിയായി തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു…” ജയ്‌മോള്‍ തോമസ് തുറന്നു പറഞ്ഞു.