ഫോമാ പൊതുയോഗം ഒക്ടോബര്‍ 29 ന്

08:06 am 28/9/2016

Newsimg1_42363607
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2016­18 കാലയളവിലേക്കുള്ള ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 29 ആം തീയതി 2 മണി മുതല്‍ സൗത്ത് ഫ്‌ലോറിഡയിലെ, ഫോര്‍ട്ട്­ ലോഡര്‍ഡേയിലുള്ള ഹോളിഡെ എക്‌സ്പ്രസ് ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌­സില്‍ വച്ച് നടത്തപ്പെടുന്നു. ഫോമാ മയാമി കണ്‍വെന്‍ഷനില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ബെന്നി വച്ചാചിറയുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങളാണ് അധികാരമേല്‍ക്കുന്നത്.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലിന്‍റെ അധ്യക്ഷതയില്‍ കൂടുന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് നിയുക്ത ഭരണസമിതി അധികാരമേല്‍ക്കുന്നത്. പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി എല്ലാ അംഗസംഘടനയില്‍ നിന്നും എത്രേയും പെട്ടെന്ന് ഡെലിഗേറ്റ്‌­സ് ലിസ്റ്റ് അയക്കണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് അഭ്യര്‍ത്ഥിച്ചു.

2014­16 ഭരണസമിതിയുടെ അവസാനത്തെ മീറ്റിംഗായിരിക്കും പ്രസ്തുത സമ്മേളനം. ഇതുവരെ അമേരിക്കന്‍ മലയാളികള്‍ ഫോമായ്ക്ക് നല്കിയ പിന്തുണയും സഹായവും തുടര്‍ന്നും ഉണ്ടാവണമെന്നും, അതോടൊപ്പം ഈ പൊതുയോഗത്തില്‍ എല്ലാ അംഗസംഘടനകളും പങ്കെടുത്തു വന്‍വിജയമാക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009 എന്നിവരുമായി ബന്ധപ്പെടണ്ടതാണ്.