ന്യൂഡല്‍ഹി: രാഷ്ട്രം 67-മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്‍ഡ് ആണ് മുഖ്യാതിഥി. തീവ്രവാദ ഭീഷണി നിലനില്‍ക്കെ കനത്ത സുരക്ഷയിലാണ് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചത്. കരസേനയുടെ ഡല്‍ഹി എരിയാ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ രാജന്‍ രവീന്ദ്രന്‍ ആണ് പരേഡ് നയിച്ചത്. 26 വര്‍ഷത്തിനുശേഷം കരസേനയുടെ ശ്വാനസംഘവും പരേഡില്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായി വനിതാ സ്റ്റണ്ട് കണ്ടിജന്റ് പരിപാടി അവതരിപ്പിച്ചു . പുരുഷന്‍മാര്‍ മാത്രമായിരുന്നു സ്റ്റണ്ട് അവതരിപ്പിച്ചിരുന്നത്. വിമന്‍ ഡേര്‍ഡെവിള്‍സ് സി.ആര്‍.പി.എഫ് എന്ന കണ്ടിജന്റില്‍ 120 സൈനികരുണ്ട്.