ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മതനേതാക്കള്‍

01:06am 28/07/2016
download (5)

പാരിസ്: ക്രിസ്തീയ ദേവാലയത്തില്‍ വൈദികനെ കഴുത്തറുത്തു കൊന്ന സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സിലെ ആരാധനാലയങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നു. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ മതവിഭാഗങ്ങളിലെ പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായി കൂടിക്കാഴ്ച നടത്തി. ആരാധനാലയങ്ങള്‍ തീവ്രവാദ ആക്രമണ കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്ക് ഖത്തീബ് ദലീല്‍ ബൗബകീര്‍ ആവശ്യപ്പെട്ടു.

റൂയന്‍ മേഖലയിലെ കാതലിക് ചര്‍ച്ചിലാണ് കഴിഞ്ഞദിവസം ദാരുണമായ സംഭവമുണ്ടായത്. ആക്രമണത്തെ ശക്തമായി അപലപിച്ച ബൗബകീര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ദൈവ നിന്ദയാണെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ മതേതര ഐക്യത്തെ പാരിസിലെ ആര്‍ച്ച് ബിഷപ് ആന്‍ഡ്രെ വിങ്ത് ട്രോയിസ് പ്രശംസിച്ചു. രാജ്യത്തെ ഐ.എസിന്‍െറ വിളനിലമാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുരോഹിതന്‍െറ മരണത്തെ തുടര്‍ന്ന് സാമുദായിക കലാപമുണ്ടാവുമെന്ന ഭീതിയിലാണ് മതനേതാക്കള്‍. ചര്‍ച്ചയില്‍ ഓലന്‍ഡ് തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചു.