ഫ്‌ളോറിഡയില്‍ നിന്നുമൊരു മലയാളി വിജയ ഗീതം: റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍

03.17 PM 18-05-2016
Roshnisabuji_pic
ജോയിച്ചന്‍ പുതുക്കുളം

താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്‌ളോറിഡയില്‍ നിന്നും ഒരു ക്‌നാനായക്കാരി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് പിയേഴ്‌സിലെ ഇന്ത്യന്‍ റിവര്‍ സ്റ്റേറ്റ് കോളേജില്‍ പഠിക്കുന്ന റോഷ്‌നി സാബുജി ഫ്‌ളോറിഡയിലെ എല്ലാ കോളേജുകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെട്ട ഏറ്റവും പ്രതിഭാശാലികലായ പത്ത് വിദ്യാര്‍ഥികളില്‍ ഒരാളായി മാറിയിരിക്കുന്നു. ഫ്‌ലോറിഡ സംസ്ഥാനത്തില്‍ പഠിക്കുന്ന എട്ടു ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപെട്ട 128 മികച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നാണ് റോഷ്‌നി ആദ്യത്തെ പത്ത് പേരുടെ ഗണത്തിലേക്ക് എത്തിയത്. മലയാളി സമൂഹത്തില്‍ നിന്ന് തന്നെ ആദ്യമായാണ് ഒരു കോളേജ് വിദ്യാര്‍ഥി ഇതുപോലെയുള്ള ഒരു അംഗീകാരത്തിന് അര്‍ഹയായിരുക്കുന്നത്.

കോട്ടയം സംക്രാന്തി ഇടവകാംഗമായ സാബുജി & എല്‍സി പൂഴിക്കുന്നേല്‍ ദമ്പതിമാരുടെ മകളായ 23 വയസ്സുകാരിയായ റോഷ്‌നി, ഇപ്പോള്‍ ബയോളജിയില്‍ ബിരുദം കരസ്ഥമാക്കുവാന്‍ പഠിക്കുന്നതോടൊപ്പം ഡെന്റല്‍ അസിസ്റ്റന്റ് ആയി ജോലിയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരു ഡോകടര്‍ ആകുവാന്‍ വേണ്ടി തീരുമാനിച്ചിരിക്കുന്ന റോഷ്‌നിയുടെ ഏക സഹോദരന്‍ റോഷന്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. അര്‍പ്പണബോധത്തോടെയും ചിട്ടയോടെയുമുള്ള പഠന രീതിയും അച്ചടക്കവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് സഹായകമായത് എന്ന് സാബുജി പറഞ്ഞു. എന്നാല്‍ ദൈവാനുഗ്രഹവും കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയുമാണ് ഇവിടെ തന്നെ എത്തിച്ചത് എന്നാണ് റോഷ്‌നി അഭിപ്രായപെട്ടത്. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണ്