ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

10:48 AM 05/05/2016
download (5)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആറാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കിഴക്കന്‍ മിഡ്നാപുര്‍, കൂച്ച് ബിഹാര്‍ ജില്ലകളിലെ 25 മണ്ഡലങ്ങളിലാണ് പോളിങ് പുരോഗമിക്കുന്നത്. 18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. 58 ലക്ഷം പേർക്ക് സമ്മതിധാനാവകാശം നിർവഹിക്കാനായി 6774 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. മേയ് 19ന് ഫലം പ്രഖ്യാപിക്കും.

വോട്ടെടുപ്പിന് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 50,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. കൂച്ച്ബിഹാറില്‍ 123 കമ്പനി കേന്ദ്ര സേനയെയും ഈസ്റ്റ് മിഡ്നാപ്പൂരില്‍ 238 കമ്പനിയും കേന്ദ്രസേനയെ വിന്യസിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

2011ലെ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് മിഡ്നാപ്പൂർ ജില്ലയിലെ 16 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടിയിരുന്നു. എന്നാൽ, ഇത്തവണ സി.പി.എം-കോൺഗ്രസ് സഖ്യം നേട്ടം കൊയ്യുമെന്നാണ് റിപ്പോർട്ട്. ഭൂമി ഏറ്റെടുക്കലിനെതിരെ ഈസ്റ്റ് മിഡ്നാപ്പൂരിലെ നന്ദിഗ്രാമിൽ നടന്ന ജനകീയ പ്രക്ഷോഭമാണ് 34 വർഷം നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിച്ചത്.