ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു

02.25 PM 13-04-2016
crime
ബീഹാറില്‍ ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റ് ആര്‍.ജെ.ഡി.എം.എല്‍.എയുടെ സഹോദരി കൊല്ലപ്പെട്ടു. ഭോജ്പൂര്‍ എം.എല്‍.എ സരോജ് യാദവിന്റെ ഏക സഹോദരി ശൈലി ദേവിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം.
ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കിശോപൂര്‍ സ്വദേശിയായ ശൈലി ദേവിയെ ഓട്ടോറിക്ഷയില്‍ എത്തിയ അഞ്ചാംഗ സംഘം ഓട്ടോയിലേക്ക് വലിച്ചു കയറ്റി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് ചെറുത്തുനിന്ന ഈ 40കാരിയെ സംഘം ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനു ശേഷം ഓട്ടോറിക്ഷയില്‍നിന്ന് ഇവരെ പുറത്തേക്ക് വലിച്ചെറിഞ്ഞ് സംഘം രക്ഷപ്പെട്ടു. റോഡരികില്‍ ഗുരുതരാവസ്ഥയില്‍ തെറിച്ചു വീണ ശൈലി ദേവി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് മരിച്ചത്.
അപകട മരണമാണ് എന്നാണ് ആദ്യം കരുതിയതെന്ന് സരോജ് യാദവ് എം.എല്‍.എ പറഞ്ഞു. ബലാല്‍സംഗ ശ്രമത്തിനിടെയാണ് ആക്രമണം എന്ന് പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.