ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിക്കുന്നു

06-18 AM 01-09-2016
all_india_radio
പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ കഴിയുന്നവര്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോയില്‍ ബലൂചി ഭാഷയില്‍ കൂടുതല്‍ സമയ ദൈര്‍ഘ്യമുള്ള വാര്‍ത്ത ബുള്ളറ്റിന്‍ ആരംഭിക്കും. ആകാശ വാണിയുടെ റേഡിയോ കാഷ്മീര്‍ ആണ് ബലൂചി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്. 1974 മുതല്‍ ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാല്‍, പുതിയതായി വാര്‍ത്താ പരിപാടികള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണു ആകാശവാണിയുടെ പുതിയ നീക്കമെന്ന് ഓള്‍ ഇന്ത്യ റേഡിയോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിലവില്‍ വാര്‍ത്ത ഉള്‍പ്പടെ വിവിധ പരിപാടികള്‍ ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. എന്നാല്‍, ബലൂച് പ്രവശ്യയിലേക്കു താത്പര്യമുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിക്കാനുള്ള പരിപാടിക്കാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ബലൂചി ഭാഷയില്‍ പത്തു മിനിട്ട് ദൈര്‍ഘ്യമുള്ള വാര്‍ത്താ ബുള്ളറ്റിനുകളാണു പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്റെ സമയപരിധി ദീര്‍ഘിപ്പിക്കും.

റേഡിയോ കാഷ്മീരില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന വിവിധ പരിപാടികള്‍ ഇപ്പോള്‍ പാക് അധീന കാഷ്മീരില്‍ ഉള്‍പ്പടെ ലഭ്യമാണ്. റേഡിയോ കാഷ്മീരിന്റെ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി പ്രക്ഷേപണം ആരംഭിക്കുന്നതോടെ ഇവിടെ നിന്നുള്ള പരിപാടികള്‍ പാക് അധിനിവേശ കാഷ്മീരിനു പുറമേ പാക്കിസ്ഥാന്‍ പഞ്ചാബ്, ലാഹോര്‍ തുടങ്ങിയ മേഖലകളിലും ലഭിക്കും. ജമ്മുവില്‍ 300 കെവി ഡിജിറ്റല്‍ റേഡിയോ മോണ്‍ഡിയല്‍ സ്ഥാപിക്കുന്നതോടെ അതിര്‍ത്തിക്കപ്പുറം 300 കിലോമീറ്ററോളും ആകാശവാണി പരിപാടികള്‍ ലഭിക്കുന്ന തരത്തില്‍ പ്രക്ഷേപണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.