03:32pm 29/06/2016
തിരുവനന്തപുരം: നാവായിക്കുളത്ത് കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി കൂട്ടിയിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 30ലധികം പേർക്ക് പരിക്ക്. നാലു പേരുടെ നിലഗുരുതരം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ മറ്റുള്ളവരെ കല്ലമ്പലം, ചാത്തമ്പാറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.
രാവിലെ പത്തരയോടെ ദേശീയപാതയിൽ നാവായിക്കുളത്തിന് സമീപം 28ാം മൈലിലായിരുന്നു അപകടം. മീന്‍ ലോറി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് സമീപത്തുള്ള മരത്തിലിടിച്ച് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ്.
അപകടസമയത്ത് അമ്പതോളം പേർ ബസിലുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് ബസിന്റെ മുൻഭാഗം തകർത്താണ് യാത്രക്കാരെ പുറത്തെടുത്തത്.